
മസ്‌കത്ത്: ന്യൂനമര്‍ദത്തിന്റെ ഫലമായി ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ. അല്‍ ഹജര്‍ പര്‍വതനിരകളുടെ പരിസരങ്ങള്‍, തെക്കന്‍ ശര്‍ഖിയ, മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ ഭാഗങ്ങളിലാണ് വെള്ളിയാഴ്ച ഉച്ചക്കുശേഷം കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തത്. ചിലയിടങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. ഇടിയുടെ അകമ്പടിയോടെയാണ് മഴയുണ്ടായതെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി അറിയിച്ചു.
ദോഫാര്‍ ഗവര്‍ണറേറ്റിന്റെ ഭാഗങ്ങളിലും കനത്ത മഴയുണ്ടായതായി കാലാവസ്ഥ റഡാറുകള്‍ കാണിക്കുന്നതായും സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി അറിയിച്ചു. ശര്‍ഖിയ ഗവര്‍ണറേറ്റില്‍ സൂര്‍, ജഅലാന്‍ ബനീ ബൂഅലിയടക്കം പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.
സൂറില്‍ റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ബൂഅലിയില്‍ ചിലയിടങ്ങളില്‍ റോഡരികിലെ മലകളില്‍നിന്ന് താഴേക്കു ചാടുന്ന അരുവികള്‍ രൂപപ്പെട്ടു. വാദികളും രൂപപ്പെട്ടു. റുസ്താഖില്‍ ആലിപ്പഴ വര്‍ഷമുണ്ടായി. നഖല്‍, സമാഈല്‍ എന്നിവിടങ്ങളിലും മഴ പെയ്തു. ന്യൂനമര്‍ദത്തിന്റെ ഫലമായി ശനിയാഴ്ച മുതല്‍ 22ാം തീയതി വരെ ഒമാന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.