Currency

ഖത്തറില്‍ കനത്ത പൊടിക്കാറ്റ്; ചൂടിന് നേരിയ ശമനം

സ്വന്തം ലേഖകന്‍Monday, June 18, 2018 2:38 pm

ദോഹ: ഖത്തറിന്റെ പല ഭാഗത്തും ഇന്നലെ അനുഭവപ്പെട്ടതു കനത്ത പൊടിക്കാറ്റ്. ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ അപകടങ്ങളൊഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ആഭ്യന്തരമന്ത്രാലയവും പൊതുഗതാഗത ഡയറക്ടറേറ്റും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം മുന്നറിയിപ്പു നല്‍കി. വടക്കുപടിഞ്ഞാറു ദിശയില്‍ വീശുന്ന ശക്തമായ കാറ്റാണ് ഖത്തറില്‍ പൊടി നിറയ്ക്കുന്നത്.

കടല്‍ പ്രക്ഷുബ്ധമാണെന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു കാലാവസ്ഥാ വിഭാഗവും മുന്നറിയിപ്പു നല്‍കിയിരുന്നു. ആസ്മ, ശ്വാസകോശ രോഗങ്ങളുള്ളവരും ഈയിടെ മൂക്കിനോ കണ്ണിനോ ശസ്ത്രക്രിയ കഴിഞ്ഞവരും പൊടിക്കാറ്റുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്നു പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ആരോഗ്യമുള്ളവരാണെങ്കിലും തുടര്‍ച്ചയായി പൊടിയടിക്കുന്നത് ഒഴിവാക്കണം. ശ്വാസകോശത്തിലേക്കു പൊടി കയറിയാല്‍ തുമ്മലും ചുമയും അലര്‍ജിയുമാകും. അതിനാല്‍ ഇടയ്ക്കിടെ മുഖവും മൂക്കും വായും കഴുകണമെന്നും മാസ്‌ക് ധരിച്ചേ പുറത്തിറങ്ങാവൂ എന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. പൊടിക്കാറ്റില്‍ പുറത്തിറങ്ങുന്നവര്‍ കണ്ണു മുഴുവന്‍ മൂടുന്നതരത്തിലുള്ള വലിയ കൂളിങ് ഗ്ലാസ് ധരിക്കുന്നതാണ് ഉത്തമം.

കനത്ത പൊടിക്കാറ്റ് കടുത്ത വേനല്‍ച്ചൂടിനു നേരിയ ശമനമുണ്ടാക്കിയിട്ടുണ്ട്. പോയവാരം 48-49 ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെട്ട സ്ഥലങ്ങളില്‍ ഇന്നലെ 43 ഡിഗ്രിയോ അതിലും താഴെയോ ആയിരുന്നു പകല്‍ താപനില. ഏറ്റവും കൂടിയ ചൂട് 43 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെട്ടതു മിസൈദിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x