Currency

ഹമദ് വിമാനത്താവളത്തിലും ഇലക്ട്രോണിക് ബാഗ് ടാഗ് വരുന്നു

സ്വന്തം ലേഖകന്‍Saturday, February 24, 2018 2:47 pm

ദോഹ: യാത്രക്കാരുടെ ചെക്ക്ഇന്‍ സമയം ഗണ്യമായി കുറയ്ക്കുകയും ബാഗേജ് സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യുന്ന ഇലക്ട്രോണിക് ബാഗ് ടാഗ് (ഇബിടി) സംവിധാനം വൈകാതെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ (എച്ച്ഐഎ) ലഭ്യമാകും. ഇതിനുള്ള പ്രാഥമിക പരീക്ഷണങ്ങള്‍ പൂര്‍ണവിജയമാണ്. ഹമദ് വിമാനത്താവളവും ഖത്തര്‍ എയര്‍വേയ്സും സംയുക്തമായാണ് ഇബിടി സംവിധാനം നടപ്പാക്കുന്നത്. ഇബിടിയില്‍ ഓരോ യാത്രക്കാരനും സ്ഥിരമായ ഇലക്ട്രോണിക് ടാഗാണ് ലഭിക്കുന്നതെന്നിനാല്‍ ഓരോ യാത്രയിലും ടാഗ് പ്രിന്റ്ചെയ്തെടുത്ത് ബാഗേജില്‍ ഒട്ടിക്കേണ്ടതില്ല. ഇത് സമയലാഭത്തിനൊപ്പം ബാഗേജ് വിവരങ്ങള്‍ക്കു കൂടുതല്‍ കൃത്യതയും ഉറപ്പാക്കുന്നു.

അയാട്ടയുമായി (ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട് അസോസിയേഷന്‍) സഹകരിച്ചു വൈകാതെ പദ്ധതി നടപ്പാക്കുമെന്ന് എച്ച്ഐഎ വാണിജ്യ, വിപണന വിഭാഗം വൈസ്പ്രസിഡന്റ് അബ്ദുല്‍ അസിസ് അല്‍മാസ് അറിയിച്ചു. ഇലക്ട്രോണിക് ബാഗ് ടാഗിലെ വിവരങ്ങള്‍ കംപ്യൂട്ടര്‍ സംവിധാനത്തില്‍ കൃത്യമായി മനസിലാക്കാനാവുന്നുണ്ടോ എന്നു പരിശോധിക്കുന്നത് അയാട്ടയാണ്.

ഇതുസംബന്ധിച്ച് അയാട്ട ഹമദില്‍ നടത്തിയ പരിശോധനകളെല്ലാം പൂര്‍ണതൃപ്തികരമായിരുന്നു. ഇബിടി സംവിധാനം നടപ്പാവുന്നതോടെ ചെക്ക്ഇന്‍ സമയം ഗണ്യമായി കുറയുമെന്നത് യാത്ര കൂടുതല്‍ സുഖകരമാക്കും. ആദ്യഘട്ടത്തില്‍ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് ഇബിടി ലഭ്യമാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x