Currency

വേനലാഘോഷ പരിപാടിക്ക് തുടക്കം; ഖത്തര്‍ ഡ്യൂട്ടിഫ്രീയില്‍ ഇളവ്

സ്വന്തം ലേഖകന്‍Thursday, July 18, 2019 3:42 pm

ദോഹ: യാത്രക്കാര്‍ക്കായി ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വേനലാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. എല്ലാ ടെര്‍മിനലുകളിലും വിസ്മയകരമായ വിനോദ, സാംസ്‌കാരിക പരിപാടികളും തല്‍സമയ പ്രകടനങ്ങളും കാണാം. വേനലാഘോഷത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 60 % ഇളവും ലഭിക്കും. കോണ്‍കോഴ്സ് ബിയിലെ ഹെറിട്ടേജ് സോണില്‍ യാത്രക്കാര്‍ക്ക് ഖത്തറി സംസ്‌കാരവും ആതിഥേയത്വവും കൂടുതല്‍ അറിയാനുള്ള അവസരമാണുള്ളത്.

പരമ്പരാഗത കൂടാരവും സജ്ജീകരിച്ചിട്ടുണ്ട്. കലിഗ്രഫി, ഹെന്ന ടാറ്റൂസ് തുടങ്ങിയവ ഇവിടെ അടുത്തറിയാം. കുട്ട നെയ്യുന്നവര്‍, പവിഴാഭരണം നിര്‍മിക്കുന്നവര്‍ തുടങ്ങി പാരമ്പര്യ കൈതൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും കാണാം. തല്‍സമയ പ്രകടനങ്ങള്‍, കുതിര നൃത്തം, ഫുനൂണ്‍ ബഹ്രിയ, ജല്‍സാത് തരാബ്, ഊദ് വായന തുടങ്ങിയ പൈതൃക കലാപരിപാടികളുമുണ്ടാകും. കോണ്‍കോഴ്സ് സിയില്‍ കിഡ്സ് സോണ്‍ ആണ്. പട്ടം, കടലാസ് വിമാനങ്ങള്‍ എന്നിവ നിര്‍മിക്കാനുള്ള പരിശീലനം, യോഗ, കുട്ടികള്‍ക്ക് വലിയ ഭിത്തിയില്‍ പെയിന്റ് ചെയ്യാനുള്ള അവസരം എന്നിവയെല്ലാമാണുള്ളത്.

ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍, ഖത്തര്‍ എയര്‍വേയ്സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ എന്നിവയുമായി സഹകരിച്ചാണ് സമ്മര്‍ ഇന്‍ ഖത്തര്‍ വേനലാഘോഷം. തിരക്കേറിയ ജൂലൈ-ഓഗസ്റ്റില്‍ 70 ലക്ഷം യാത്രക്കാര്‍ വിമാനത്താവളം വഴി കടന്നു പോകുമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x