
മസ്‌കത്ത്: ഒമാനിലെ അഞ്ചുവയസില്‍ താഴെയുള്ള സ്വദേശി കുട്ടികളില്‍ 97.2 ശതമാനം പേര്‍ക്കും നിര്‍ദേശിച്ച എല്ലാ രോഗപ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. ഇത് ആഗോള തലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
98 ശതമാനം കുട്ടികള്‍ക്കും പോളിയോ, അഞ്ചാംപനി കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 97.5 ശതമാനം കുട്ടികളും ക്ഷയരോഗം, ഡിഫ്തീരിയ, ടെറ്റ്‌നസ്, വില്ലന്‍ ചുമ എന്നിവയില്‍ നിന്ന് സുരക്ഷിതരാണ്. ഹെപ്പറ്റൈറ്റിസ് ബി, ഇന്‍ഫ്‌ലുവന്‍സ എന്നിവക്കെതിരായ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളതും 97.5 ശതമാനമാണ്. മീസില്‍സ്, മംമസ്, റുബെല്ല എന്നിവക്ക് എതിരായ എം.എം.ആര്‍ വാക്‌സിനേഷന്‍ 96.9 ശതമാനം കുട്ടികള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സ്വദേശികളും വിദേശികളുമായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗപ്രതിരോധ കുത്തിവെപ്പ് സൗജന്യമായാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത മാതാപിതാക്കള്‍ക്ക് ശിക്ഷ നല്‍കുന്നതിനും ഒമാനില്‍ നിയമമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് എല്ലാവിധ പകര്‍ച്ച വ്യാധികളില്‍ നിന്നുമുള്ള സൗജന്യ മരുന്നുകള്‍ ലഭിക്കുന്നത് കുട്ടികളുടെ അവകാശമാണെന്ന് റോയല്‍ ഡിക്രി 22/2014 പ്രകാരമുള്ള കുട്ടികളുടെ നിയമം പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.