Currency

സീലൈനില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ക്ലിനിക്ക് ആരംഭിച്ചു

സ്വന്തം ലേഖകന്‍Friday, November 2, 2018 3:30 pm

ദോഹ: മിസൈദ് നഗരത്തിന്റെ തെക്ക് ഭാഗത്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ മെഡിക്കല്‍ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. ഇത് തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് സീസണല്‍ മെഡിക്കല്‍ ക്ലിനിക്ക് പ്രവര്‍ത്തിപ്പിക്കുന്നത്. ഇന്നലെ വൈകിട്ട് ആരംഭിച്ച സീലൈന്‍ മെഡിക്കല്‍ ക്ലിനിക്ക് ഏപ്രില്‍ മധ്യത്തോടെ അടക്കും. ശൈത്യകാല ക്യാമ്പിംഗ് സീസണ്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ ആവശ്യമായ വൈദ്യസേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ വര്‍ഷവും ക്ലിനിക്ക് ആരംഭിക്കുന്നതെന്ന് സീലൈന്‍ മെഡിക്കല്‍ സെന്റര്‍ പ്രൊജക്ട് മാനേജറും എച്ച്.എം.സി ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസറുമായ അലി അല്‍ ഖാതിര്‍ പറഞ്ഞു.

വളരെ തിരക്ക് പിടിച്ച ക്യാമ്പിംഗ് സീസണാണ് വരാനിരിക്കുന്നതെന്നും ക്യാമ്പര്‍മാര്‍ക്കും സമീപപ്രദേശങ്ങളിലുള്ളവര്‍ക്കും ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ പ്രതിബദ്ധതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അലി അല്‍ ഖാതിര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന മേഖലയിലാണ് ക്ലിനിക്ക് സ്ഥാപിച്ചിരിക്കുന്നത്.

ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കിയ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും എല്ലാ ക്യാമ്പര്‍മാരും സ്ഥിരമായി സന്ദര്‍ശിക്കുന്നവരും സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ക്യാമ്പിംഗ് സീസണില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മുതല്‍ ശനിയാഴ്ച വൈകിട്ട് അഞ്ച് വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കുമെന്ന് മെഡിക്കല്‍ സൂപ്പര്‍വൈസര്‍ ഡോ. ഹാമിദ് ഗരീബ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x