Currency

അനധികൃത വഴിവാണിഭക്കാര്‍ക്ക് പിടിവീഴും; ബൃഹദ് പദ്ധതിയുമായി അധികൃതര്‍

സ്വന്തം ലേഖകന്‍Monday, October 28, 2019 1:48 pm

ദോഹ: അനധികൃത വഴിവാണിഭക്കാരെയും തെരുവു കച്ചവടക്കാരെയും പിടികൂടുന്നതിന് ദോഹ മുനിസിപ്പാലിറ്റി ബൃഹദ് പദ്ധതിയൊരുക്കുന്നു. ദോഹ നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ വഴിവാണിഭക്കാരെയും തെരുവുകച്ചവടത്തെയും നിയന്ത്രിക്കുകയും ഒഴിവാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യമൊട്ടാകെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. വിവിധ സമിതികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും മുനിസിപ്പല്‍ കണ്‍േട്രാള്‍ ഡയറക്ടര്‍ സാലിം ഹമൂദ് അല്‍ ശാഫി പറഞ്ഞു. ഇന്‍ഡസ്ട്രിയല്‍ ഏരിയ, സൂഖ് അല്‍ ഹറാജ്, ദോഹ ജദീദ്, ഓള്‍ഡ് ഗാനിം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പരിശോധന നടത്തും.

പൊതുജനങ്ങളുടെയടക്കം സഹകരണത്തോടെ മാത്രമേ ഇത്തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച അല്‍ശഹാനിയ മുനിസിപ്പാലിറ്റി ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്‌സുമായി (ലഖ്‌വിയ) സഹകരിച്ച് മെകെയിന്‍സിലെ അനധികൃത തെരുവുകച്ചവടക്കാരുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു.

കച്ചവടക്കാരുടെ നിരവധി സാധനസാമഗ്രികള്‍ ഇവിടെയുണ്ടായിരുന്നു. എല്ലാ നിയമലംഘനങ്ങളും ഒഴിപ്പിച്ച് പ്രദേശം വൃത്തിയാക്കി. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലെ നിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിന്റെയും കച്ചവടകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സാധാരണ നടപടികളുടെയും ഭാഗമായാണ് അല്‍ശഹാനിയ മുനിസിപ്പാലിറ്റിയുടെ പരിശോധന. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലടക്കം ഇത്തരം വഴിവാണിഭങ്ങളുണ്ട്. വെള്ളിയാഴ്ചകളില്‍ നൂറുകണക്കിന് ആളുകളാണ് ഇത്തരം കേന്ദ്രങ്ങളില്‍ തടിച്ചുകൂടുന്നത്. പല അനധികൃത തെരുവുകച്ചവടക്കാരും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x