Currency

ഖത്തറില്‍ വിലകൂടിയ വസ്തുക്കളുടെ കൈമാറ്റത്തിന് പുതിയ നിയമം

സ്വന്തം ലേഖകന്‍Saturday, February 29, 2020 10:26 am

ദോഹ: കറന്‍സി, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങി വിലകൂടിയ വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും പുറത്തേക്ക് കൊണ്ടുപോകുന്നതിനും ഖത്തര്‍ പുതിയ നിബന്ധനയേര്‍പ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയ തടയുന്നതിനായി ഖത്തര്‍ പാസ്സാക്കിയ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കംസ്റ്റംസ് വകുപ്പ് പുതിയ നിബന്ധനകളേര്‍പ്പെടുത്തുന്നത്.

അമ്പതിനായിരം റിയാലോ അതിന് മുകളിലോ മൂല്യമുള്ള എന്ത് വസ്തുക്കളും വിമാനമാര്‍ഗമോ, കടല്‍മാര്‍ഗമോ, കരമാര്‍ഗമോ രാജ്യത്തേക്ക് കൊണ്ടുവരണമെങ്കിലും പുറത്തേക്ക് കൊണ്ടുപോകണമെങ്കിലും ഇനി മുതല്‍ പ്രത്യേക സത്യവാങ്മൂലം പൂരിപ്പിച്ചുനല്‍കണം. ഈ വസ്തുക്കള്‍ എങ്ങനെ സമ്പാദിച്ചു, എന്തിന് കൊണ്ടുപോകുന്നു, തുടങ്ങി ചോദ്യങ്ങളെല്ലാം അടങ്ങിയ ചോദ്യാവലിയാണ് പൂരിപ്പിച്ചുനല്‍കേണ്ടത്.

ലഭിക്കുന്ന സത്യവാങ്മൂലം പരിശോധിച്ച് ബോധ്യപ്പെടുന്ന പക്ഷം മാത്രമെ ഇത്തരം ഇടപാടുകള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. അമ്പതിനായിരം ഖത്തരി റിയാലിന് തത്തുല്യമായതോ അതിന് മുകളിലോ മൂല്യമുള്ള കറന്‍സികള്‍, സ്വര്‍ണം, വെള്ളി, വജ്രം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍, കാഷ് ചെക്കുകള്‍, ഒപ്പിട്ട മുദ്രപത്രങ്ങള്‍ തുടങ്ങിവയ്‌ക്കെല്ലാം പുതിയ നിബന്ധന ബാധകമാകും.

സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചില ഭാഗങ്ങള്‍ പൂരിപ്പിക്കാതെ വിടുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും പുതിയ നിബന്ധനയില്‍ പറയുന്നുണ്ട്. ഒപ്പം ഒരു ലക്ഷം റിയാലില്‍ കുറയാത്ത പിഴയും ഈടാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x