
ദോഹ: ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തിയേക്കുമെന്ന് സൂചന. ഈദുല്‍ ഫിത്തര്‍ അവധിയെത്തുടര്‍ന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് റിപ്പോര്‍ട്ടുള്ളത്.
ദോഹയില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കാണ് അധികവിമാനങ്ങള്‍ അനുവദിക്കുക. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരുടെ എണ്ണം കൂടുന്നത്. അധികവിമാനങ്ങള്‍ അനുവദിക്കണമെന്ന കാര്യം ഇന്ത്യന്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുകൂല നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ സ്ഥാനപതി പി. കുമരന് വ്യക്തമാക്കി.
ഖത്തറിനുമേല്‍ യു.എ.ഇ. ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യു.എ.ഇ. ആസ്ഥാനമാക്കിയുള്ള നാല് വിമാനങ്ങള്‍ ദോഹയിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് വിമാനങ്ങളില്‍ തിരക്ക് വര്‍ധിച്ചത്. ദോഹയില്‍ നിന്ന് യു.എ.ഇ. വിമാനത്താവളങ്ങള്‍ വഴി പ്രതിദിനം 800 മുതല്‍ 1,600 യാത്രക്കാരാണ് ഇന്ത്യയിലേക്ക് സഞ്ചരിച്ചിരുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.