
ദോഹ: വീസ, തൊഴില്‍ ചട്ടങ്ങള്‍ സംബന്ധിച്ച ഖത്തര്‍ സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍. മാതാപിതാക്കളുടെ സ്പോണ്‍സര്‍ഷിപ്പില്‍ തന്നെ മക്കള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി ഖത്തറിലെ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിന് പ്രയോജനം ചെയ്യും. ഒട്ടുമിക്ക പ്രവാസികളുടെയും മക്കള്‍ വളരുന്നതും പഠനം പൂര്‍ത്തിയാക്കുന്നതും ഇവിടെയാണ്.
പുതിയ തീരുമാനം അവര്‍ക്ക് മികച്ച ജീവിതം കെട്ടിപ്പെടുക്കാന്‍ കൂടുതല്‍ എളുപ്പമാക്കും. കമ്പനികള്‍ക്ക് താല്‍ക്കാലിക വീസ അനുവദിക്കുന്നതിലൂടെ സ്ഥിര തൊഴില്‍ വീസയുടെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ വേണ്ടിവരില്ല. ഇത് ഹ്രസ്വകാല ബിസിനസ്, കരാര്‍- മാനേജ്മെന്റ് സന്ദര്‍ശനം എന്നിവയെല്ലാം കൂടുതല്‍ എളുപ്പമാക്കും. തൊഴില്‍ നിയമങ്ങളില്‍ അടുത്തിടെ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ വഴി താല്‍ക്കാലിക വീസയിലെത്തുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ പ്രവാസികളുടെ ആണ്‍മക്കള്‍ക്ക് സ്പോണ്‍സര്‍ഷിപ് മാറാതെ തന്നെ രാജ്യത്ത് ജോലി ചെയ്യാന്‍ അനുമതി, കമ്പനികള്‍ക്ക് താല്‍ക്കാലിക വീസ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവന നിരക്കില്‍ 20% കുറവ് എന്നീ 3 സുപ്രധാന തീരുമാനങ്ങളാണ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.