Currency

പഠനം മുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിക്കാന്‍ വീണ്ടും എംബസി

സ്വന്തം ലേഖകന്‍Saturday, June 2, 2018 11:43 am

ദോഹ: സാമ്പത്തിക ബുദ്ധിമുട്ടുകളാലോ, പ്രായപരിധിമൂലമോ സ്‌കൂള്‍ പ്രവേശനം നേടാന്‍ കഴിയാത്ത ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഖത്തറിലുണ്ടെങ്കില്‍ അവരുടെ വിശദ വിവരങ്ങള്‍ രക്ഷിതാക്കള്‍ ഉടന്‍ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഖത്തറിലുള്ള മുഴുവന്‍ ഇന്ത്യന്‍ കുട്ടികള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടിയും എംബസിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും അധികൃതര്‍ പറയുന്നു. സ്‌കൂള്‍ പഠനത്തിനുള്ള പ്രതിബന്ധം എന്തുതന്നെയാണെങ്കിലും അവയൊക്കെ തരണം ചെയ്തു കുട്ടികളുടെ പഠനം ഉറപ്പാക്കാന്‍ എംബസി പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. help.edu18@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറേണ്ടത്.

കുട്ടിയുടെ പേര്, വയസ്സ്, ഖത്തര്‍ ഐഡി നമ്പര്‍, ഏതു ക്ലാസിലേക്കാണു പ്രവേശനം വേണ്ടത്, സ്‌കൂളില്‍ പോകാത്തതിന്റെ കാരണം (പ്രവേശനം ലഭിക്കാത്തത്, സാമ്പത്തിക ബുദ്ധിമുട്ട്, പ്രായപരിധി കഴിഞ്ഞതോ തികയാത്തതോ തുടങ്ങിയ വിവരങ്ങള്‍), രക്ഷിതാവിന്റെ ഇ- മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, ഖത്തറിലെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങള്‍ എന്നിവയാണ് എംബസിക്ക് കൈമാറേണ്ടത്.

ഖത്തറില്‍ സ്‌കൂള്‍ പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ വിവരം ഈ വര്‍ഷം രണ്ടാംതവണയാണ് എംബസി ആവശ്യപ്പെടുന്നത്. മുന്‍വര്‍ഷങ്ങളിലൊന്നും ഉണ്ടാകാത്ത വിധമുള്ള മികച്ച ഇടപെടലാണ് ഇക്കാര്യത്തില്‍ എംബസിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x