
ദോഹ: ഇന്ത്യയുടെ പ്രധാന പ്രവേശന പരീക്ഷകളില്‍ ഒന്നായ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (JEE)യുടെ ഖത്തറിലെ പരീക്ഷാ കേന്ദ്രത്തിന്റെ നിലപാട് സംബന്ധിച്ച വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സാധ്യമായ പരിഹാരത്തിനുള്ള ശ്രമങ്ങളിലാണെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി.
പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പരീക്ഷ നടത്താന്‍ ആകില്ലെന്ന ഖത്തറിലെ പരീക്ഷാ സെന്ററിന്റെ നിലപാടാണ് രക്ഷിതാക്കളെ ആശങ്കയിലാക്കിയത്. ഇക്കാര്യം രക്ഷിതാക്കള്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും വിദ്യാഭ്യാസ വിഭാഗം ചുമതല വഹിക്കുന്ന എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ത് ദ്വിവേദി പറഞ്ഞു.
സെപ്റ്റംബര്‍ 2, 3 തീയതികളിലായി പരീക്ഷ എഴുതാന്‍ കാത്തിരിക്കുന്നത് നൂറിലധികം വിദ്യാര്‍ത്ഥികളാണ്. മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കി കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരം പരീക്ഷ നടത്താനുള്ള സൗകര്യം സ്കൂളുകളില്‍ നല്കാന് തയാറാണെന്ന് എംബസി അധികൃതരെ അറിയിച്ചതായി ഇന്ത്യന്‍ സ്കൂളുകളുടെ ഭാരവാഹികളും വ്യക്തമാക്കി.
ഖത്തറിലെ പരീക്ഷാ കേന്ദ്രമായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നിര്‍ദേശിച്ചിരിക്കുന്നത് ഫാമിലി കമ്പ്യൂട്ടര്‍ സെന്റര്‍ എന്ന സ്വകാര്യ സ്ഥാപനത്തെയാണ്. ജെഇഇ പരീക്ഷക്കായി കോയമ്പത്തൂരിലെ ഏജന്‍സി വഴിയാണ് അനുമതി ലഭിച്ചതെന്നും പരീക്ഷ നടത്താന്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നുള്ളതിനാല്‍ അതിന് കഴിയില്ലെന്ന് ഏജന്‍സിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് ഫാമിലി കമ്പ്യൂട്ടര്‍ സെന്റര്‍ രക്ഷിതാക്കള്‍ക്ക് നല്കിയ മറുപടി.
വര്‍ഷത്തില്‍ 2 തവണയായി നടക്കുന്ന പരീക്ഷയില്‍ ആദ്യത്തേത് ഇക്കഴിഞ്ഞ ജനുവരിയില്‍ ദോഹയിലെ മുന്‍നിര ഇന്ത്യന്‍ സ്കൂളുകളിലൊന്നായ ബിര്‍ള പബ്ലിക് സ്കൂളിലാണ് നടന്നത്. ഏപ്രിലില്‍ നടത്താനിരുന്ന രണ്ടാമത്തെ പരീക്ഷയാണ് സെപ്റ്റംബര്‍ 2, 3 തീയതികളിലായി നടക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.