Currency

ഐക്യുവില്‍ ഐന്‍സ്റ്റീനെയും ഹോക്കിംങിനെയും പിന്നിലാക്കി ഇന്ത്യന്‍ വിദ്യാര്‍ഥിനി

സ്വന്തം ലേഖകന്‍Sunday, May 7, 2017 12:11 pm

ലണ്ടന്‍: ലോകം കണ്ട അദ്ഭുത ശാസ്ത്രപ്രതിഭകളായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങ്ങിനെയും മറികടന്ന് ഐക്യു (ഇന്റലിജന്‍സ് കോഷ്യന്‍സ്) ടെസ്റ്റില്‍ ഇന്ത്യന്‍ വംശജയായ പന്ത്രണ്ടുകാരി. ചെഷയര്‍ കൗണ്ടിയില്‍ താമസിക്കുന്ന രാജ്ഗൗരി പവാറാണ് മാഞ്ചസ്റ്ററില്‍ നടന്ന ബ്രിട്ടീഷ് മെന്‍സാ ഐക്യു ടെസ്റ്റില്‍ 18വയസിന് താഴെയുള്ള ഒരാള്‍ക്ക് നേടാനാവുന്നതിന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റായ 162 പോയിന്റ് നേടി വിസ്മയം കുറിച്ചത്.

ലോകത്താകെ 20,000 പേര്‍ക്ക് മാത്രമാണ് 162 എന്ന സ്‌കോര്‍ നേടാന്‍ കഴിഞ്ഞിട്ടുള്ളത്. മെന്‍സ ഐ.ക്യു ടെസ്റ്റില്‍ പങ്കെടുത്തവരില്‍ ഒരു ശതമാനമാണ് 140 പോയിന്റ് നേടി പരമാവധി ബുദ്ധിക്ക് ഉടമകളായത്. 162 നേടിയ രാജ്ഗൗരി ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിങ് എന്നിവരുടെ ഐ.ക്യുവിനേക്കാള്‍ രണ്ട് പോയിന്റാണ് കൂടുതല്‍ നേടിയത്.

”ടെസ്റ്റിനു മുമ്പ് കുറച്ച് പേടി തോന്നിയിരുന്നു. പക്ഷേ ടെസ്റ്റ് എളുപ്പമായിരുന്നു. നന്നായി പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.” രാജ്ഗൗരി മാധ്യമങ്ങളോട് പ്രതികരിച്ചു. ഐക്യു ടെസ്റ്റില്‍ 162 പോയിന്റ് നേടിയതിനെതുടര്‍ന്ന് ബ്രിട്ടീഷ് മെന്‍സ ഐ.ക്യു സൊസൈറ്റിയിലെ അംഗമായി രാജ്ഗൗരിയെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്‌കൂള്‍ അധ്യാപകരുടെ പ്രോത്സാഹനവും പിന്തുണയുമാണ് മകളുടെ മികവിന് സഹായകമായതെന്ന് പിതാവ് ഡോ. സൂരജ്കുമാര്‍ പവാര്‍ പറഞ്ഞു. ആള്‍ട്രിന്‍ചാം ഗ്രാമര്‍ (ഗേള്‍സ്) സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് രാജ്ഗൗരി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x