
മസ്കത്ത്: ഒമാനിലെത്തിയ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ പന്ത്രണ്ട് ശതമാനത്തിലേറെ വര്‍ധവ് രേഖപ്പെടുത്തിയെന്ന് കണക്കുകള്‍. മൊത്തം 14.84 ലക്ഷം അന്താരാഷ്ട്ര യാത്രികരാണ് 2018ല്‍ ഒമാനിലെത്തിയത്. ഇന്ത്യയില്‍ നിന്ന് 3.57 ലക്ഷം പേരും. 12.37 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായതെന്ന് ഒമാന്‍ ടൂറിസത്തിന്റെ ഇന്ത്യയിലെ പ്രതിനിധി ലുബ്ന ശീറാസി പറഞ്ഞു. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം കൂടാതെയാണിത്.
ഒമാന്റെ വിനോദ സഞ്ചാര മേഖലയെ കുറിച്ചുള്ള പ്രചാരണവും വിസാ നടപടികളില്‍ വരുത്തിയ ഇളവുകളുമാണ് സഞ്ചാരികളെത്താന്‍ തുണയായത്. 2017നെ അപേക്ഷിച്ച് മൊത്തം അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ 8.39 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ ആകട്ടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യോമയാന കരാര്‍ പ്രകാരം ആഴ്ചയില്‍ ഇരുപത്തി ഏഴായിരം സീറ്റുകളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അനുവദനീയമായിട്ടുള്ളത്.
ബജറ്റ് വിമാന കമ്പനിയായ സലാം എയറും കൊച്ചിയടക്കം ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.