Currency

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Wednesday, January 4, 2017 12:36 pm

കൊച്ചി: വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഭിന്നലിംഗക്കാര്‍ക്കായി കൊച്ചിയില്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ ആണിത്. റെസിഡന്‍ഷ്യല്‍ സൗകര്യത്തോടെയുള്ള സഹജ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഉദ്ഘാടനം കല്‍ക്കി സുബ്രഹ്മണ്യം നിര്‍വഹിച്ചു. ട്രാന്‍സ് ഇന്ത്യ ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ആറ് ഭിന്നലിംഗക്കാരാണ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആദ്യഘട്ടത്തില്‍ ഭിന്നലിംഗക്കാരായ 10 വിദ്യാര്‍ത്ഥികളാണ് ഉണ്ടാകുക. 25നും 50നും ഇടയില്‍ പ്രായമുള്ളവരാണ് വിദ്യാര്‍ത്ഥികള്‍. 10, 12 ബോര്‍ഡ് പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കും. തൊഴിലധിഷ്ഠിത പരിശീലനങ്ങളും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തും.

transgender1

ഭിന്നലിംഗക്കാര്‍ക്ക് മാന്യമായ ജോലി നേടുന്നതിനും മികച്ച ജീവിതരീതി കൈവരിക്കുന്നതിനും വേണ്ടിയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക എന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ വിജയരാജ മല്ലിക പറഞ്ഞു. അപേക്ഷിച്ച 14 പേരില്‍ നിന്ന് ഇതുവരെ 6 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചു. എല്ലാവരും സ്ത്രീകളായി മാറിയവരാണ്. 10 സീറ്റില്‍ ഒരെണ്ണം സ്ത്രീ പുരുഷനായി മാറിയ ഒരാള്‍ക്കും മറ്റൊരെണ്ണം വൈകല്യമുള്ള ഒരാള്‍ക്കുമാണ്. സ്‌കൂളിലെ അധ്യാപകരും ഭിന്നലിംഗക്കാരാണ്.

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. മാനവി ബന്ദോപാധ്യായ രാജിവെച്ചതിന് പിന്നാലെയാണ് കൊച്ചിയില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2 ദശലക്ഷം ട്രാന്‍സ്‌ജെന്‍ഡറുകളാണ് ഇന്ത്യയിലുള്ളതെന്നാണ് കണക്ക്. 2014ല്‍ നിയമത്തിന് കീഴില്‍ ഭിന്നലിംഗക്കാര്‍ക്കും തുല്യ അവകാശമുള്ളതായി സുപ്രീംകോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ അതിന് ശേഷവും ഭിന്നലിംഗക്കാര്‍ പരിഹാസവും പീഡനങ്ങളും അനുഭവിക്കുന്നുണ്ട്. സ്വന്തം വീട്ടില്‍ നിന്നും, ജോലി സ്ഥലത്ത് നിന്നും പുറന്തള്ളപ്പെടുന്ന ഇവര്‍ ലൈംഗിക തൊഴിലാളികളായോ ഭിക്ഷക്കാരായോ അല്ലെങ്കില്‍ വിവാഹസത്കാരങ്ങളില്‍ നൃത്ത ചെയ്യുന്നവരോ ആയി മാറുകയാണ് പതിവ്.

transgender-school-200

സ്‌കൂള്‍ തുടങ്ങുന്നതിനും പല തടസങ്ങളും നേരിട്ടിരുന്നു. അതില്‍ പ്രധാനമായിരുന്നു സ്ഥലം വിട്ടുകിട്ടല്‍. പലരും സ്ഥലം നല്‍കാന്‍ തയ്യാറായിരുന്നില്ല. 700ഓളം ആളുകളെയും 51 കുടുംബങ്ങളെയുമാണ് സ്‌കൂള്‍ അധികൃതര്‍ സ്ഥലത്തിനായി സമീപിച്ചത്. എന്നാല്‍ വേശ്യാവൃത്തിക്ക് സ്ഥലം ചോദിക്കുന്നത് പോലെയാണ് അവരെല്ലാം പെരുമാറിയതെന്ന് മല്ലിക പറഞ്ഞു. ഒടുവില്‍ അനുയോജ്യമായ ഒരു സ്ഥലം തന്നെ ലഭിച്ചു. ഇതൊരു മാതൃകാ പദ്ധതിയാണ്. ഇത് വിജയിച്ചാല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യുമെന്നും മല്ലിക പറഞ്ഞു.

കേരളത്തില്‍ 25000ത്തോളം ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. അവരില്‍ 57 ശതമാനം പേരും അപമാനഭാരത്താല്‍ സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ്. അവര്‍ക്കെല്ലാം തന്നെ മാന്യമായ സ്ഥാനം ലഭിക്കുക എന്ന ലക്ഷ്യമാണ് ഈ സ്‌കൂളിനുള്ളതെന്നും മല്ലിക വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x