
ദോഹ: ഇന്‍ഡിഗോ എയര്‍വേയ്‌സ് ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുന്നു. മെയ് രണ്ട് മുതല്‍ മൂന്ന് മാസത്തേക്ക് സര്‍വീസ് ഉണ്ടാവില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വാണിജ്യപരമായ കാരണങ്ങളാണ് നീക്കത്തിന് പിന്നിലെന്നും അധികൃതര്‍ പറയുന്നു.
താരതമ്യേന നിരക്കിളവുള്ള യാത്രകള്‍ക്കായി യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന സര്‍വീസാണ് ഇന്‍ഡിഗോയുടെത്. ജറ്റ് എയര്‍വേയ്‌സിന് പിന്നാലെ ഇന്‍ഡിഗോയും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കാരുടെ കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ടിക്കറ്റ് തുക മടക്കികിട്ടാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനാല്‍ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തവരോട് മുംബൈ, ഡല്‍ഹി വഴി യാത്ര മാറ്റാനാണ് മറുപടി ലഭിക്കുന്നത്. ഇന്‍ഡിഗോയില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുത്തവരോടാണ് ഇങ്ങനെ നിര്‍ദേശിക്കുന്നത്.
ഏജന്‍സി വഴി ടിക്കറ്റ് എടുത്തവര്‍ക്ക് ഏജന്‍സികള്‍ തന്നെ ടിക്കറ്റ് മറ്റ് വിമാനകമ്പനികളിലേക്ക് മാറ്റി നല്‍കുന്നുണ്ട്. എന്നാല്‍ ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. ഫെബ്രുവരി മധ്യത്തില്‍ 985 റിയാലിന് ടിക്കറ്റ് എടുത്തവര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിലേക്ക് ടിക്കറ്റ് മാറ്റിയപ്പോള്‍ 1600 റിയാലാണ് ആയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.