Currency

ഖത്തറില്‍ സ്‌പോര്‍ട്‌സ് മെഡിസിനില്‍ അന്താരാഷ്ട്ര സമ്മേളനം മേയില്‍

സ്വന്തം ലേഖകന്‍Wednesday, January 23, 2019 1:43 pm

ദോഹ: ആസ്‌പെയറിന് കീഴിലുള്ള ഓര്‍തോപീഡിക് ഫസ്‌പോര്‍ട്‌സ് മെഡിസിന്‍ ആശുപത്രിയായ ആസ്പറ്ററിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു. സ്‌പോര്‍ട്‌സ് മെഡിസിനിലും വ്യായാമശാസ്ത്രമേഖലയിലും 2020ഓടെ അന്താരാഷ്ട്ര തലത്തില്‍ ആസ്പറ്ററിനെ ആഗോളതലത്തിലെ മുന്‍നിരക്കാരാക്കുകയാണ് ലക്ഷ്യം. മേയ് മൂന്ന് മുതല്‍ അഞ്ചുവരെ ആസ്‌പെയര്‍ അക്കാദമിയിലാണ് സമ്മേളനം. ww.aspetar.com/events.aspx ഈ ലിങ്കില്‍ കയറി രജിസ്‌ഷ്രേന്‍ നടത്താം. ഫോണ്‍: +97455543390. പ്രാദേശികതലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള ഈ രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കും. ആരോഗ്യമേഖലയിലെ അംഗീകൃത ആളുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപിസ്റ്റുകള്‍, പോഷകാഹാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കാല്‍പാദവുമായി ബന്ധപ്പെട്ട ചികില്‍സ നടത്തുന്നവര്‍ എന്നിവരാണ് ഈ ഗണത്തില്‍പെടുക. കായികമേഖലയില്‍ ഗവേഷണം നടത്തുന്നവര്‍, കായികശാസ്ത്രജ്ഞര്‍, പരിശീലകര്‍ എന്നിവര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാം. ട്രാക്ക് ആന്റ് ഫീല്‍ഡിലുള്ള അത്‌ലറ്റുകള്‍ അടക്കമുള്ള 500 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ആസ്പറ്റര്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറും ചെയര്‍പേഴ്‌സണുമായ ഡോ. പോള്‍ ഡിജ്ക്‌സ്ട്ര പറഞ്ഞു.

ഇത്തരത്തില്‍ ആദ്യമായാണ് ഒരു സമ്മേളനം ഖത്തറില്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം ദോഹയില്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുകയാണ്. സെപ്റ്റംബര്‍- ഒക്‌ടോബര്‍ മാസങ്ങളിലാണിത്. ദോഹ ഡയമണ്ട് ലീഗും ഇവിടെ നടക്കാന്‍ പോകുകയാണ്. ഇതിനാല്‍ ഇത്തരമൊരു സമ്മേളനം എന്തുകൊണ്ടും പ്രധാനപ്പെട്ടതാണ്. കായികമേഖലയിലെ വിവിധ കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും. പ്രായോഗിക പരിശീലനങ്ങളും ക്ലാസുകളും ഉണ്ടാകും.

ലോകോത്തര കായിക ചികില്‍സ, സൗകര്യങ്ങള്‍, ശില്‍പശാലകള്‍, പ്രായോഗിക പരിശീലനം തുടങ്ങിയവയില്‍ പങ്കെടുക്കാനുള്ള അസുലഭ അവസരമാണ് ആസ്പറ്റര്‍ സമ്മേളനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x