Currency

കര്‍വക്ക് കൂടുതല്‍ ഭിന്നശേഷി സൗഹൃദ ടാക്‌സികള്‍; വാഹനങ്ങളുടെ എണ്ണം 20 ആയി

സ്വന്തം ലേഖകന്‍Monday, October 14, 2019 12:41 pm

ദോഹ: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന യാത്രക്കാര്‍ക്കായി കര്‍വയില്‍ നിന്ന് കൂടുതല്‍ ഭിന്നശേഷി സൗഹൃദ ടാക്‌സികള്‍. നിലവില്‍ കര്‍വയുടെ കീഴിലുള്ള ടാക്‌സികള്‍ക്ക് പുറമേയാണ് വിവിധ വൈകല്യമുള്ളവര്‍ക്കായി പ്രത്യേകം സൗകര്യമൊരുക്കിയ വാഹനങ്ങള്‍കൂടി എത്തുന്നത്. വീല്‍ചെയര്‍ അടക്കമുള്ളവ സൗകര്യപ്രദമായി കയറ്റാനും വൈകല്യമുള്ളവര്‍ക്ക് തടസ്സമൊന്നുമില്ലാതെ ഇരിക്കാനുമുള്ള സൗകര്യങ്ങള്‍ ഈ വാഹനത്തിലുണ്ട്്. സീറ്റുകള്‍ അടക്കമുള്ള ഇത്തരം സൗകര്യങ്ങള്‍ പ്രത്യേകമായി ഒരുക്കിയതാണ് വാഹനത്തിന്റെ ഉള്‍ഭാഗം. വ്യത്യസ്ത സീറ്റുകളുള്ള രണ്ട് തരത്തിലുള്ള വാഹനങ്ങളാണ് പുതുതായി എത്തിയിരിക്കുന്നത്. രണ്ടോ മൂന്നോ വീല്‍ചെയറുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.

ഇതിനടുത്തായിതന്നെ യാത്രക്കാരന്റെ സഹായിക്ക് ഇരിക്കാനുള്ള സീറ്റുകളും ഉണ്ട്. ഈ വാഹനങ്ങള്‍കൂടി എത്തിയതോടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായുള്ള കര്‍വയുടെ വാഹനങ്ങളുടെ എണ്ണം 20 ആയി. വീല്‍ചെയറുകളില്‍ ഇരുത്തിതന്നെ യാത്രക്കാരനെ വാഹനത്തില്‍ കയറ്റാനുള്ള പ്രത്യേക റാപ്പ് വാഹനത്തിലുണ്ട്. 400 കിലോ ഗ്രാം വരെ വഹിക്കാന്‍ ശേഷിയുള്ള ഇതില്‍ സുരക്ഷാപൂട്ടുകളും ഉണ്ട്. നിലവില്‍ വിപണിയില്‍ കിട്ടുന്ന ഏറ്റവും ആധുനികമായ സുരക്ഷാസൗകര്യങ്ങളാണ് വാഹനത്തിലുള്ളത്. വഴുതിപ്പോകാത്ത തറയാണ് ഉള്ളില്‍. ഇതിനാല്‍ വീല്‍ചെയറുകള്‍ വാഹനത്തില്‍നിന്ന് തെന്നിമാറില്ല.

കര്‍വയുടെ ബസുകളും ഭിന്നശേഷിസൗഹൃദവാഹനങ്ങളാണ്. വീല്‍ചെയറുകള്‍ സൗകര്യപ്രദമായി ഇതില്‍ കയറ്റാം. വീല്‍ചെയറുകള്‍ വാഹനത്തില്‍ സൗകര്യപ്രദമായ ഘടിപ്പിക്കാവുന്ന ഉന്നത അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള സൗകര്യങ്ങളാണ് കര്‍വ ബസുകളിലും ഉള്ളത്. ഭിന്നശേഷിക്കാര്‍ക്ക് ഇത്തരം വാഹനങ്ങളുടെ സേവനം ആവശ്യമാണെങ്കില്‍ കര്‍വയുടെ 8008294 എന്ന ടോള്‍ ഫ്രീ നമ്പറില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. അല്ലെങ്കില്‍ കര്‍വ ടാക്‌സി ആപ്ലിക്കേഷന്‍ വഴിയും ഇതിന് കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x