
ദോഹ: ശൈത്യകാല ഉത്സവത്തിനു വ്യാഴാഴ്ച കത്താറയില്‍ തുടക്കമാകും. അഞ്ചുദിവസം നീളുന്ന ശൈത്യകാലോത്സവം തുടര്‍ച്ചയായി അഞ്ചാംതവണയാണു കത്താറയില്‍ സംഘടിപ്പിക്കുന്നത്. ഉല്‍സവം 22നു സമാപിക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ അരങ്ങേറുമെന്നു കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി അറിയിച്ചു. ഖത്തറിന്റെ സാംസ്‌കാരികാഘോഷങ്ങളില്‍ കുടുംബപങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കുകയാണു കത്താറയുടെ ലക്ഷ്യം.
കുട്ടികളില്‍ സാംസ്‌കാരികാവബോധം വളര്‍ത്താനും നിത്യജീവിതത്തില്‍ അവര്‍ക്കു പ്രയോജനപ്രദമാകുന്ന കാര്യങ്ങള്‍ ഉല്ലസിച്ചു പഠിക്കാനും ഉതകുന്ന രീതിയില്‍ യൂറോപ്യന്‍ കലാ പ്രദര്‍ശനങ്ങള്‍, ഖത്തരി നാടോടി കലാവതരണങ്ങള്‍, ഉല്ലാസപരിപാടികള്‍, വൈജ്ഞാനിക മല്‍സരങ്ങള്‍ എന്നിങ്ങനെയുള്ള ആഘോഷപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം കത്താറയിലൊരുക്കുന്ന പരമ്പരാഗത വിപണിയില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് വിവിധ കരകൗശല വസ്തുക്കളും വാങ്ങാം.
ശൈത്യകാലരോഗങ്ങള്‍, അഭികാമ്യമായ ഭക്ഷണങ്ങള്‍, വ്യായാമമുറകള്‍, ശൈത്യകാല ചര്‍മസംരക്ഷണം എന്നിവയെക്കുറിച്ചൊക്കെ കൂടുതല്‍ അറിവുപകരുന്ന തരത്തിലാണു വിവിധ സ്വകാര്യ മെഡിക്കല്‍ സെന്ററുകള്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കത്താറ എസ്പ്ലനേഡില്‍ എല്ലാദിവസവും വൈകിട്ട് നാലുമുതല്‍ രാത്രി ഒന്‍പതുവരെയാണ് പരിപാടികള്‍ അരങ്ങേറുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.