
ദോഹ: രാജ്യാന്തര ഹണ്ടിങ്, ഫാല്‍ക്കന്‍ പ്രദര്‍ശനം ‘സുഹൈല്‍ 2018’ സെപ്റ്റംബര്‍ നാലു മുതല്‍ എട്ടു വരെ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു പങ്കാളിത്തത്തില്‍ 70% വര്‍ധന ഇത്തവണയുണ്ടാകും. 19 രാജ്യങ്ങളില്‍ നിന്നായി 150 കമ്പനികളാണ് ഇത്തവണ ഫാല്‍ക്കന്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ആദ്യ ഫാല്‍ക്കന്‍ പ്രദര്‍ശനത്തില്‍ 11 രാജ്യങ്ങളില്‍ നിന്നായി 87 പ്രദര്‍ശകരാണു പങ്കെടുത്തത്.
പ്രദര്‍ശകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കത്താറയിലെ പ്രദര്‍ശന നഗരിയുടെ വലുപ്പവും കൂട്ടും. കഴിഞ്ഞ വര്‍ഷം 4,500 ചതുരശ്ര മീറ്ററായിരുന്നുവെങ്കില്‍ ഇത്തവണ 10,000 ചതുരശ്രമീറ്ററാണു പ്രദര്‍ശന സ്ഥലമെന്ന് സുഹൈല്‍ 2018 വക്താവ് ഖലീഫ അല്‍ ഹുമെയ്ദി പറഞ്ഞു.
സുഹൈല്‍ 2018നോടൊപ്പം സാംസ്കാരിക, ബോധവല്‍ക്കരണ പരിപാടികളും നടക്കും. ഏറ്റവും മികച്ച പവലിയനുള്ള സമ്മാനമുള്‍പ്പെടെ ഒട്ടേറെ മല്‍സരങ്ങളും സുഹൈല്‍ 2018ല്‍ സംഘടിപ്പിക്കുന്നുണ്ട്. ഫാല്ക്കണറിയുമായും വേട്ടയുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരിടത്തു തന്നെ ലഭ്യമാകുന്നുവെന്നതാണു പ്രദര്‍ശനത്തിന്റെ പ്രത്യേകത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.