Currency

പ്രവാസികള്‍ക്കായി പുതിയ നിക്ഷേപ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് അംഗീകാരം

സ്വന്തം ലേഖകന്‍Friday, August 30, 2019 3:03 pm

തിരുവനന്തപുരം: പ്രവാസികള്‍ക്കായി പുതിയ നിക്ഷേപ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പ്രവാസി ക്ഷേമനിധിയില്‍ നിക്ഷേപിക്കുന്ന തുകക്ക് നിശ്ചിത ലാഭവിഹിതം നല്‍കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡും കിഫ്ബിയും സഹകരിച്ചാണ് പദ്ധതി നടത്തിപ്പ്.

പ്രവാസികളുടെ നിക്ഷേപം സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികളിലൂടെ വികസനത്തിന് പ്രയോജനപ്പെടുത്തുകയും ഏജന്‍സികള്‍ നല്‍കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് ഡിവിഡന്റ് നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി. മാസം തോറും 10 ശതമാനമാണ് ഡിവിഡന്റ്. വിദേശത്ത് ജോലി ചെയ്യുന്നവരോ തിരിച്ചുവന്ന ശേഷം കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ സ്ഥിര താമസമാക്കിയവരോ ആയ എല്ലാ കേരളീയര്‍ക്കും പദ്ധതിയില്‍ അംഗമാകാം.

എറ്റവും കുറഞ്ഞ നിക്ഷേപ തുക മൂന്നു ലക്ഷം രൂപ. കൂടിയ തുക 51 ലക്ഷം രൂപ. കിഫ്ബിയിലാണ് പണം നിക്ഷേപിക്കുക. നിക്ഷേപകര്‍ക്ക് ആദ്യ മൂന്ന് വര്‍ഷത്തിന് ശേഷം ജീവിതകാലം മുഴുവന്‍ ലാഭവിഹിതത്തിന് അര്‍ഹതയുണ്ടാകും. മരണശേഷം ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ ഡിവിഡന്റ് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x