Currency

കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി: അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ

സ്വന്തം ലേഖകൻWednesday, September 6, 2017 9:06 pm

പ്രവാസി ചിട്ടിക്ക് കെ.എസ്.എഫ്.ഇ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ആദ്യവര്‍ഷം തന്നെ രണ്ടുലക്ഷം പ്രവാസികളെയെങ്കിലും ചിട്ടിയില്‍ ചേര്‍ക്കണമെന്നാണ് ലക്ഷ്യം. കിഫ്ബി വഴി നടപ്പിലാക്കുന്ന പതിനായിരം കോടി രൂപയെങ്കിലും വരുന്ന ഒരു വന്‍പദ്ധതിയുടെ ബോണ്ടുകള്‍ പൂര്‍ണ്ണമായും പ്രവാസി ചിട്ടി വഴി സമാഹരിക്കാനാണ് സർക്കാരിന്റെ ഉദ്ദേശം.

ഓൺലൈൻ വഴി

പ്രവാസി ചിട്ടിയിൽ ഓണ്‍ലൈനായി ചിട്ടിയില്‍ ചേരുന്നതിനും ലേലം കൈക്കൊള്ളുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. വെസ്റ്റേണ്‍ യൂണിയന്‍ തുടങ്ങിയ ഏതെങ്കിലും പേയ്മെന്‍റ് ഗേറ്റ് വേ വഴി പ്രവാസികള്‍ക്ക് തങ്ങളുടെ മാസത്തവണ അടയ്ക്കാം. ഇങ്ങനെ അടയ്ക്കുന്ന പണം മുഴുവന്‍ അപ്പപ്പോള്‍ കെ.എസ്.എഫ്.ഇ.യുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ ഓട്ടോമാറ്റിക്കായി നിക്ഷേപിക്കപ്പെടും. ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീണ പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ കെ.എസ്.എഫ്.ഇ.ക്ക് കോള്‍ ഓപ്ഷന്‍ ഉണ്ടാകും. മിച്ചമുള്ള ഫ്രീ ഫ്ളോട്ട് കിഫ്ബിയുടെ ബോണ്ടുകളില്‍ കിടക്കും.

നൂതന ധനസമാഹരണ പരീക്ഷണം

പ്രവാസി ചിട്ടി ഒരുതരത്തിൽ നൂതന ധനസമാഹരണ പരീക്ഷണമാണ്. പ്രവാസിയെ സംബന്ധിച്ചിടത്തോളം അവരുടെ സമ്പാദ്യം ചിട്ടിയിലാണ് മുടക്കുന്നത്. അതിന് സര്‍ക്കാരിന്‍റെ ഗ്യാരന്‍റിയും കെ.എസ്.എഫ്.ഇ.യുടെ പൂര്‍ണ്ണസുരക്ഷിതത്വം ഉണ്ട്. കിഫ്ബിയുടെ ബോണ്ടില്‍ മിച്ചപണം നിക്ഷേപിച്ചതുകൊണ്ട് ഒരു അധികറിസ്കും നിക്ഷേപകന് ഇല്ല. അതേ സമയം അവര്‍ സുരക്ഷിത സമ്പാദ്യത്തോടൊപ്പം നാടിന്‍റെ സുപ്രധാന വികസന പ്രോജക്ടില്‍ പങ്കാളിയാവുകയും ചെയ്യുന്നു. കെ.എസ്.എഫ്.ഇ.യുടെ പ്രവാസി ചിട്ടിയില്‍ ചേരുമ്പോള്‍ ആകര്‍ഷകവും സുരക്ഷിതവുമായ സമ്പാദ്യത്തോടൊപ്പം നാടിന്‍റെ വികസനത്തിന് പങ്കാളിയുമാകാം.

ചിട്ടി നടത്തിപ്പിനുള്ള നടപടി ക്രമങ്ങളില്‍ നിയമപരമായി മാറ്റം വരുത്തണം. കിഫ്ബി ബോണ്ട് കെഎസ്എഫ്ഇ വാങ്ങാനും അത് ആവശ്യാനുസരണം പണമാക്കി മാറ്റാനും നടപടി ക്രമങ്ങളും ചട്ടങ്ങളുമുണ്ടാക്കണം. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ അംഗീകരിക്കാനും കെവൈസി നിയമം ബാധകമാക്കാനും റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

പ്രവാസി ചിട്ടി ഒക്ടോബറില്‍ തുടങ്ങും

പ്രവാസി ചിട്ടി ഒക്ടോബറില്‍ തുടങ്ങുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അറിയിച്ചിട്ടുണ്ട്. ഓണത്തിനു തുടങ്ങാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും സോഫ്ട് വെയറും മറ്റും തയ്യാറാക്കുന്നതിൽ വന്ന കാലതാമസവും ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും മൂലമാണു നീണ്ടുപോയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x