
ദോഹ: തൊഴില്‍സംബന്ധമായ വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ചും സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ വാട്സാപ്പിലൂടെയും മറ്റും ജോലിസംബന്ധമായ വിവരങ്ങള്‍ അയക്കരുതെന്ന് മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ അല്‍കാബി നിര്‍ദേശിച്ചു. മന്ത്രാലയം സംഘടിപ്പിച്ച സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്ന നിയമങ്ങളെക്കുറിച്ചുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങള്‍ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവ സാമൂഹിക മാധ്യമങ്ങളിലൂടെ അയക്കരുത്. ഇത്തരം സാമൂഹികമാധ്യമങ്ങളുമായുള്ള കുട്ടികളുടെ ഇടപെടല്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഒട്ടുമിക്ക സൈബര്‍ കുറ്റകൃത്യങ്ങളും രാജ്യത്തിനുപുറത്ത് നിന്നാണ് ഉണ്ടാകുന്നത് എന്നതിനാല്‍ കുറ്റവാളികളെ തിരയാന്‍ ബുദ്ധിമുട്ടാണ്.
സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗവും സമൂഹത്തിനിടയില്‍ സുരക്ഷ ശക്തമാക്കുന്നതിലുമുള്ള മന്ത്രാലയത്തിന്റെ ശ്രദ്ധയുടെ ഭാഗമായാണ് സമ്മേളനം നടന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.