Currency

തൊഴില്‍ തര്‍ക്കം: വേഗത്തില്‍ പരിഹരിക്കാന്‍ ഒമാനില്‍ അതിവേഗ കോടതികള്‍

സ്വന്തം ലേഖകന്‍Saturday, May 25, 2019 12:44 pm

മസ്‌കത്ത്: രാജ്യത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നു. രാജ്യത്തെ തൊഴില്‍ മേഖല കൂടുതല്‍ വികസിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിലെ യോഗ്യതയുള്ള സ്വദേശികളുടെ ജോലിയിലുള്ള പ്രാവിണ്യം ഉറപ്പു വരുത്തുന്നതിനുമായാണ് ഒമാന്‍ മനുഷ്യാവകാശ മന്ത്രാലയവും നീതിന്യായ വകുപ്പും ചേര്‍ന്ന് അതിവേഗ കോടതികള്‍ ആരംഭിക്കുന്നത്.

ഒമാന്‍ മാനവവിഭവ ശേഷി, നിയമകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴില്‍ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ഇപ്പോള്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനാണ് ഒമാന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ചുള്ള കരാറില്‍ നിയമമന്ത്രി ശൈഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലിയും, തൊഴില്‍ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയും ഒപ്പുവെച്ചു.

അതിവേഗ കോടതിയെ സഹായിക്കുന്നതിന് നിയമവിദഗ്ദ്ധരടങ്ങിയ സാങ്കേതിക കമ്മറ്റിക്ക് രൂപം നല്‍കി കഴിഞ്ഞതായും മാനവ വിഭവശേഷി മന്ത്രാലയം വ്യകതമാക്കി. തൊഴില്‍ തര്‍ക്കങ്ങള്‍ ഈ കമ്മറ്റിയുടെ പരിധിക്കുള്ളില്‍ തന്നെ തീര്‍പ്പാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. തുടക്കത്തില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ഫാസ്റ്റ്ട്രാക്ക് കോടതി എന്ന സംവിധാനമായിരിക്കും നിലവില്‍ വരിക. ഫലപ്രദമായ വിജയം കണ്ടെത്തിയാല്‍ മറ്റു ഗവര്‍ണറേറ്റുകളിലും ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കും. ഒമാനിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി ഫാസ്റ്റ്ട്രാക്ക് കോടതി നിലവില്‍ വരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x