മസ്‌കത്ത്: അപേക്ഷ നല്‍കി വെറും അഞ്ചു പ്രവൃത്തിദിവസങ്ങള്‍കൊണ്ട് തൊഴില്‍വിസ ലഭ്യമാക്കുന്നതിന് പദ്ധതിയൊരുങ്ങുന്നു. സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്കരണം വിപുലപ്പെടുത്താനുള്ള ദേശീയ പദ്ധതിയായ ‘തന്‍ഫീദി’ന്റെ ആസൂത്രണത്തിലാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നത്. നിലവില്‍ തൊഴില്‍വിസ നടപടിക്രമങ്ങള്‍ക്ക് മാസങ്ങളാണ് വേണ്ടിവരുന്നത്.
ചില മേഖലകളില്‍ താല്‍ക്കാലിക തൊഴില്‍വിസ അനുവദിക്കാനുള്ള നടപടികളും ആസൂത്രണം ചെയ്തുവരുകയാണ്. ഒമാനില്‍ ആദ്യമായിട്ടായിരിക്കും ഇത്തരം വിസകള്‍ ലഭ്യമാവുന്നത്. പുതിയ നീക്കങ്ങളെ രാജ്യത്തെ വ്യവസായ മേഖല സ്വാഗതം ചെയ്തു. കമ്പനികളും വ്യവസായികളും തൊഴിലാളികളും റിക്രൂട്ടിങ് ഏജന്‍സികളുമെല്ലം ഇതിനെ ഗുണകരമായാണ് കാണുന്നത്.
വിസാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്. വിസാ നടപടിക്രമങ്ങള്‍ അഞ്ചുദിവസംകൊണ്ട് പൂര്‍ത്തിയാവുന്നതും തൊഴിലുടമകള്‍ക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ സാധിക്കുന്നതും തൊഴില്‍ മാര്‍ക്കറ്റിന് സഹായകമാവുമെന്ന് ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്ടേഴ്‌സ് സി.ഇഒ ഷഹ്‌സ്വാര്‍ അല്‍ ബലൂഷി പറഞ്ഞു. ഒമാനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇത് ഗുണകരമാവും. ആറുമാസത്തേക്കും ഒമ്പതു മാസത്തേക്കുമൊക്കെയായി വിദേശ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കാന്‍ സാധിച്ചാല്‍ എണ്ണ, നിര്‍മാണ മേഖലകളിലെ കമ്പനികള്‍ക്ക് ചെലവുകുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.