
ദോഹ: പ്രവാസി തൊഴിലാളികളെയും കുറഞ്ഞ വരുമാനക്കാരെയും ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകളിലേക്ക് കൈപ്പിടിച്ചുയര്‍ത്തി ഖത്തര്‍. ഇതിനായുള്ള ബെറ്റര്‍ കണക്ഷന്‍ രണ്ടാംഘട്ട പദ്ധതി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. ബെറ്റര്‍ കണക്ഷന്റെ സുസ്ഥിരവും കൂടുതല്‍ മെച്ചപ്പെട്ടതുമായ പദ്ധതിക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടിരിക്കുന്നത്. രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം സൗജന്യമായി നല്‍കും.
ഡിജിറ്റല്‍ രംഗത്ത് അവരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും ജീവിതശൈലി മെച്ചപ്പെടുത്തുകയുമാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്. മൂന്നുവര്‍ഷ കാലയളവിലേക്കാണ് പദ്ധതിയുടെ അടുത്തഘട്ടം നടപ്പാക്കുന്നത്. തൊഴിലാളികള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള അഞ്ചു ഭാഷകളിലായി ഹുകൂമി വെബ്‌സൈറ്റില്‍ ആയിരത്തോളം പുതിയ ഉള്ളടക്കങ്ങള്‍ രൂപപ്പെടുത്തുകയാണ് പുതിയ ഘട്ടത്തില്‍.
വിദേശ തൊഴിലാളികള്‍ക്കായി കുറഞ്ഞനിരക്കില്‍ സ്മാര്‍ട്ട് ഫോണുകളും ലഭ്യമാക്കും. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 50,000ത്തിലധികം തൊഴിലാളികള്‍ക്ക് വിവരസാങ്കേതിക മേഖലയില്‍ പ്രത്യേക പരിശീലനം നല്‍കും. കിറ്റ്‌കോം 2019 ന്റെ ഭാഗമായി നടന്ന പ്രത്യേക ചടങ്ങിലാണ് പ്രധാനമന്ത്രി തൊഴിലാളികള്‍ക്കായി പദ്ധതി സമര്‍പ്പിച്ചത്.
2013ലാണ് ബെറ്റര്‍ കണക്ഷന്‍സ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. എന്നാല്‍, 2015ലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.