മസ്‌കത്ത്: തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകള്‍ കൂടാതെ വിദേശികള്‍ക്ക് രാജ്യം വിടുന്നതിന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരമാണ് സമയപരിധി ദീര്‍ഘിപ്പിച്ചതെന്ന് ലേബര്‍ ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ സഈദ് അല്‍ ബാദി അറിയിച്ചു.
നവംബര്‍ 15 മുതല്‍ ആരംഭിച്ച പദ്ധതി നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു പ്രഖ്യാപിച്ചത്. ഇതുവരെ 57,847 പേരാണ് ഇങ്ങനെ രാജ്യം വിടാന്‍ റജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 12,378 പേര്‍ ഇതിനോടകം മടങ്ങി. സ്വകാര്യ മേഖലയിലെ തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കോവിഡിന്റെ സാഹചര്യത്തില്‍ ഡിസംബര്‍ അവസാന വാരത്തില്‍ ഏര്‍പ്പെടുത്തിയ രാജ്യാന്തര യാത്രാ വിലക്ക് നിരവധി പേരുടെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്കും വിമാന സര്‍വീസുകളുടെ കുറവും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.