Currency

ഒമാനില്‍ റെസിഡന്റ് കാര്‍ഡ് പുതുക്കുന്നതിന് സ്‌പോണ്‍സറുടെ കത്ത് നിര്‍ബന്ധം

സ്വന്തം ലേഖകന്‍Wednesday, May 29, 2019 5:07 pm

മസ്‌കത്ത്: റെസിഡന്റ് കാര്‍ഡ് പുതുക്കുന്നതിന് സ്‌പോണ്‍സറുടെ കത്ത് നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വക്താവ് അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള വിദേശ തൊഴിലാളികള്‍ ഈ നിയമം നിര്‍ബന്ധമായും പാലിക്കണം. റെസിഡന്റ് കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷക്ക് ഒപ്പം സ്‌പോണ്‍സറുടെ കത്തോ കമ്പനിയില്‍ നിന്നുള്ള കത്തോ ആണ് നല്‍കേണ്ടത്. കമ്പനിയില്‍ നിന്നുള്ള കത്തില്‍ ബന്ധപ്പെട്ട അധികാരിയുടെ ഒപ്പും സീലും വേണം. അപേക്ഷകന്‍ നിലവില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും റെസിഡന്റ് കാര്‍ഡ് പുതുക്കി നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും കാണിച്ചുള്ളതാകണം കത്തെന്നും ആര്‍.ഒ.പി വക്താവ് പറഞ്ഞു.

സ്‌പോണ്‍സറുടെ അനുമതിപത്രമില്ലാതെ അടുത്തിടെ വരെ വിസ പുതുക്കി നല്‍കിയിരുന്നു. ഈ നിയമത്തിനാണ് ഇപ്പോള്‍ മാറ്റം വന്നത്. പാസ്‌പോര്‍ട്ടില്‍ വിസ പുതുക്കി നല്‍കിയാല്‍ സീബിലെ റെസിഡന്റ് കാര്‍ഡ് ഡിപ്പാര്‍ട്‌മെന്റിലെ പതിവ് നടപടികള്‍ക്ക് ഒടുവില്‍ കാര്‍ഡ് പുതുക്കി ലഭിക്കും. വിസയും റെസിഡന്റ് കാര്‍ഡുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഒഴിവാക്കാനും വിദേശികള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റമെന്നും ആര്‍.ഒ.പി വക്താവ് പറഞ്ഞു.

15 വയസ്സില്‍ താഴെയുള്ള വിദേശികളുടെ കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് നിര്‍ബന്ധമില്ല. എന്നിരുന്നാലും അഞ്ച് വയസ്സിന് മുകളിലുള്ള വിദേശി കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ കാര്‍ഡിന് അപേക്ഷിക്കാമെന്ന് ആര്‍.ഒ.പി നേരത്തേ അറിയിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x