
മസ്‌കത്ത്: സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി എണ്ണ, പ്രകൃതിവാതക മേഖലയില്‍ ഇതുവരെ നിയമനം നല്‍കിയത് 1500 പേര്‍ക്ക്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള 25,000 തൊഴിലവസരങ്ങളില്‍ 5000 എണ്ണം ഈ മേഖലയില്‍ ലഭ്യമാക്കാനാണ് നിര്‍ദേശമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം അല്‍ ഔഫി പറഞ്ഞു. ബാക്കി 3500 തൊഴിലവസരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലേക്കുള്ള തൊഴിലന്വേഷകരുടെ രജിസ്‌ട്രേഷന്‍, അഭിമുഖം തുടങ്ങിയ നടപടിക്രമങ്ങള്‍ നടന്നുവരുകയാണ്.
താല്‍ക്കാലിക നടപടി എന്നതിലുപരി ദീര്‍ഘകാലത്തേക്കുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അല്‍ ഔഫി പറഞ്ഞു. എണ്ണ, പ്രകൃതിവാതക മേഖലയിലെ കമ്പനികള്‍ക്ക് വിദേശികള്‍ക്കുള്ള വിസ ലഭിക്കാന്‍ എണ്ണ, പ്രകൃതിവാതക മന്ത്രാലയത്തിന്റെ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. സ്വദേശിവത്കരണത്തിന് കമ്പനികളെ നിര്‍ബന്ധിതരാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കരാറുകാര്‍, ഓപറേറ്റര്‍മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങി എല്ലാ മേഖലകളിലും വിസ അനുവദിക്കുന്നതിന് മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാക്കും.
കമ്പനികളിലെ ഒഴിവുകളില്‍ സ്വദേശികള്‍ക്കാണ് മുന്‍ഗണന. ഒഴിവുള്ള തസ്തികകളിലേക്ക് സ്വദേശികളെ നിയമിക്കാന്‍ പരസ്യം നല്‍കിയതിന്റെയും അഭിമുഖമടക്കം നടത്തിയെന്നതിന്റെയും തെളിവുകള്‍ സമര്‍പ്പിച്ചാല്‍ മാത്രമാകും എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് നല്‍കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.