Currency

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; ഒമാന്‍ ജാഗ്രതയില്‍

സ്വന്തം ലേഖകന്‍Thursday, October 4, 2018 12:20 pm

മസ്‌കത്ത്: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂനമര്‍ദം തീവ്ര, അതിതീവ്ര ന്യൂന മര്‍ദമായി മാറാനും പടിഞ്ഞാറ്‌വടക്കു പടിഞ്ഞാറ് ദിശയില്‍ യമന്റെയും ഒമാന്റെയും ഭാഗത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഇത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തു.

മണ്‍സൂണ്‍ കാലത്തിന് ശേഷമുള്ള ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്ന പക്ഷം അതിന് ലുബാന്‍ എന്നാകും പേരിടുക. ഒമാന്‍ ആണ് ഈ പേര് നല്‍കുക. ഈ ന്യൂനമര്‍ദത്തിന്റെ ഫലമായി എട്ടുവരെ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് ഒമാനിലെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളും ജാഗ്രതയിലാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദവും രൂപപ്പെട്ടു വരുന്നുണ്ട്.

ഒമാന്‍ മുതല്‍ തെക്കന്‍ പാകിസ്താന്‍ വരെയാണ് ചുഴലിക്കാറ്റ് ഭീഷണി ഉയര്‍ത്താനിടയുള്ള സ്ഥലങ്ങള്‍. അറബിക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനിടയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ഒമാന്‍ ഭാഗത്തേക്ക് നീങ്ങുന്ന കാറ്റ് ഗുജറാത്ത് ഭാഗത്തേക്ക് തിരിയാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ലെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒമാന്‍ കരയില്‍നിന്നുള്ള ശക്തമായ കാറ്റ് ചുഴലിക്കാറ്റിന്റെ ദിശ തിരിച്ചുവിടാന്‍ പര്യാപ്തമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x