Currency

ടെലിഫോണ്‍ ലോട്ടറി തട്ടിപ്പ്: മലയാളിയെ കബളിപ്പിച്ച് 540 റിയാല്‍ കവര്‍ന്നു

സ്വന്തം ലേഖകന്‍Sunday, August 27, 2017 4:56 pm

മവേലയില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയുടെ അഞ്ഞൂറിലധികം റിയാലാണ് സംഘം തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് കാള്‍ വന്നത്.

മസ്‌കത്ത്: ടെലിഫോണ്‍ ലോട്ടറി തട്ടിപ്പ് സംഘം മലയാളിയെ കബളിപ്പിച്ച് പണം കവര്‍ന്നു. മവേലയില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയുടെ അഞ്ഞൂറിലധികം റിയാലാണ് സംഘം തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് കാള്‍ വന്നത്.

ബാങ്ക് മസ്‌കത്തില്‍നിന്നാണ് വിളിക്കുന്നതെന്നും വെരിഫിക്കേഷന്റെ ഭാഗമായി എ.ടി.എം നമ്പര്‍, പിന്‍ നമ്പര്‍, ലേബര്‍ കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടു. വിവരങ്ങല്ലൊം നല്‍കിയ ശേഷമാണ് എന്താണ് കാര്യമെന്ന് ഇദ്ദേഹം ചോദിച്ചത്. ഇരുപതിനായിരം റിയാല്‍ ലോട്ടറി അടിച്ചിട്ടുണ്ടെന്നും അത് നല്‍കുന്നതിനാണ് വെരിഫിക്കേഷന്‍ എന്നും മറുപടി ലഭിച്ചു. അപ്പോഴാണ് തട്ടിപ്പാണല്ലോ എന്ന കാര്യം ഓര്‍ക്കുന്നതെന്ന് തൃശൂര്‍ സ്വദേശി പറഞ്ഞു. ഉടന്‍ എ.ടി.എമ്മില്‍ ചെന്ന് നോക്കിയെങ്കിലും പണം ലഭിച്ചില്ല. ഇതിനിടെ, തട്ടിപ്പുകാരന്‍ ഫോണ്‍ വിളിച്ച് 500 റിയാല്‍ കൂടി ആവശ്യപ്പെട്ടതായും ഇദ്ദേഹം പറയുന്നു.

ബാങ്ക് മസ്‌കത്ത് അക്കൗണ്ട് ഉടമകള്‍ക്കായി നടത്തുന്ന പ്രതിമാസ നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി 200 റിയാല്‍ അക്കൗണ്ടില്‍ സ്ഥിരമായി ഇട്ടിരുന്നു. ഇതോര്‍ത്താണ് അക്കൗണ്ട് നമ്പര്‍ നല്‍കിയതെന്നും ലോട്ടറി തട്ടിപ്പിനെ കുറിച്ച് ധാരണയുള്ളതിനാല്‍, ലോട്ടറിയടിച്ചതായി ആദ്യം പറഞ്ഞിരുന്നെങ്കില്‍ താന്‍ തട്ടിപ്പില്‍ വീഴുമായിരുന്നില്ലെന്നും ഇദ്ദേഹം പരിതപിക്കുന്നു.

റോയല്‍ ഒമാന്‍ പൊലീസും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതോറിറ്റിയുമടക്കം ഏജന്‍സികളും നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കുകയും ബോധവത്കരണ കാമ്പയിനുകള്‍ നടത്തുകയും ചെയ്തിരുന്നെങ്കിലും തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങുന്നത് പ്രവാസികളാണ്. നിരവധി മലയാളികള്‍ക്കും ഇവരുടെ വലയില്‍ കുടുങ്ങി പണം നഷ്ടമായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x