
ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ടുമക്കള്‍ ഹമദ് ആശുപത്രിയില്‍ മരണപ്പെട്ടു. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടേയും മക്കളായ റഹാന്‍ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ ഛര്‍ദിയും ശ്വാസതടസവും മൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണ കാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ഏതെങ്കിലും തരത്തില്‍ സംഭവിച്ച വിഷബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മാതാപിതാക്കളായ ഹാരിസും ഷമീമയും ഹമദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹാരിസ് അബൂനഖ് ലയിലെ ഹമദ് പബ്ലിക് ഹെല്‍ത്ത് സെന്ററിലും ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലും നഴ്‌സായി ജോലി ചെയ്യുകയാണ്. വര്‍ഷങ്ങളായി കുടുംബം ദോഹയിലുണ്ട്. ഇരുവരുടെയും മാതാപിതാക്കള്‍ ദോഹയില്‍ എത്തിയതിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.