
മസ്‌കത്ത്: ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി റോഡുകളില്‍ ഗതാഗതം നിരോധിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഹാസിഖ്-ഷുവൈമിയ, തുംറൈത്ത്-മര്‍മൂല്‍, അല്‍ മസ്‌യൂന-തുംറൈത്ത്, റായ്‌സൂത്ത്-ഷഹാബ് അസാഇബ്, തഖാ-മിര്‍ബാത്ത് റോഡുകളാണ് അടച്ചത്. സലാല-മസ്‌കത്ത് ഹൈവേയിലും ഗതാഗതം നിലച്ചു.
ചുഴലിക്കാറ്റിലും പേമാരിയിലും കാര്യമായ നാശം സംഭവിച്ചവയാണ് ഈ റോഡുകള്‍. പ്രധാന അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള ഈ റോഡുകളിലൂടെയുള്ള യാത്ര വാഹനയാത്രികര്‍ക്ക് അപകടമുണ്ടാക്കുമെന്നതിനാലാണ് നടപടിയെന്നും ആര്‍.ഒ.പി അറിയിച്ചു. സലാല-മസ്‌കത്ത് റോഡിന്റെ വലിയ ഭാഗത്തും റോഡിന്റെ ഇരുവശങ്ങളിലുമുള്ള മരുഭൂമിയില്‍ പ്രളയജലം നിറഞ്ഞിരിക്കുകയാണ്. ഈ ജലമാണ് ഏതാണ്ട് 20 കിലോമീറ്റര്‍ ഭാഗത്ത് റോഡിലേക്ക് കയറിക്കിടക്കുന്നത്.
ഗതാഗതയോഗ്യമല്ലാത്ത റോഡുകള്‍ അടച്ച സാഹചര്യം മുന്‍നിര്‍ത്തി ചില റൂട്ടുകളിലെ സര്‍വിസ് നിര്‍ത്തിവെച്ചതായി മുവാസലാത്ത് അറിയിച്ചു. സലാല-മസ്‌കത്ത്, സലാല-മര്‍മൂല്‍, സലാല-മസ്‌യൂന റൂട്ടിലെ സര്‍വിസുകളാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.