Currency

വഴിവാണിഭ ലൈസന്‍സ്: മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തി

സ്വന്തം ലേഖകന്‍Wednesday, February 7, 2018 1:24 pm

ദോഹ: ഉന്തുവണ്ടികളില്‍ വിവിധ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനു ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സാമ്പത്തിക വാണിജ്യ മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു മാറ്റാവുന്നവിധം ചക്രങ്ങള്‍ ഘടിപ്പിച്ച ഉന്തുവണ്ടികള്‍, ഒരു വാഹനത്തില്‍ കയറ്റിമാത്രം മറ്റൊരിടത്തേക്കു മാറ്റാവുന്ന പെട്ടിക്കടകള്‍ എന്നിങ്ങനെ രണ്ടു തരത്തിലാണ് വഴിവാണിഭത്തിനു മന്ത്രാലയം ലൈസന്‍സ് നല്‍കുന്നത്.

സ്വകാര്യമേഖലയ്ക്കു കൂടുതല്‍ കരുത്തു പകരുന്നതിനും ഗാര്‍ഹികോല്‍പന്നങ്ങള്‍ക്കു മികച്ച വിപണിവിഹിതം ലഭ്യമാക്കുന്നതിനുമാണ് വഴിവാണിഭത്തിന് ലൈസന്‍സ് നല്‍കുന്നത്. രണ്ട് ഉന്തുവണ്ടികള്‍ തമ്മില്‍ കുറഞ്ഞത് 20 മീറ്റര്‍ അകലം പാലിച്ചിരിക്കണം. വാഹനസഹായത്തോടെ മാത്രം മാറ്റാവുന്ന പെട്ടിക്കടകള്‍ക്കു രണ്ടുമീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമാണ് അനുവദനീയം. ഉന്തുവണ്ടികളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ടിന്നിലും കുപ്പികളിലുമുള്ള ശീതളപാനീയങ്ങള്‍, തണുത്തതും ചൂടുള്ളതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ വില്‍ക്കാം.

ഉന്തുവണ്ടി സ്ഥിരമായി ഒരു സ്ഥലത്തുതന്നെ നിര്‍ത്തിയിട്ട് എന്തെങ്കിലും പ്രത്യേക സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇതുമൂലം വാഹനഗതാഗതത്തിനു തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഹൈവേകളുടെയും അതിവേഗ പാതകളുടെയും ഓരങ്ങളിലും ഇന്റര്‍സെക്ഷനുകള്‍ക്കു സമീപവും ഉന്തുവണ്ടികള്‍ അനുവദിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x