Currency

ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ ശിക്ഷാനടപടിയുമായി ഖത്തര്‍

സ്വന്തം ലേഖകന്‍Sunday, July 14, 2019 1:05 pm

ദോഹ: ഖത്തറില്‍ വേനല്‍കാലത്തെ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ ശിക്ഷാ നടപടി. നിയമം ലംഘിച്ചുകൊണ്ട് ഉച്ച സമയത്തും തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിച്ച തൊണ്ണൂറ്റിയേഴ് കമ്പനികളെയാണ് മന്ത്രാലയത്തിന്റെ പരിശോധന സംഘം പിടികൂടിയത്. നിര്‍മ്മാണ, കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ നിന്നുള്ള കമ്പനികളാണിവ. ഇത്തരം കമ്പനികളെ കണ്ടെത്താന്‍ തുടര്‍ ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കാനും തൊഴില്‍മന്ത്രാലയം തീരുമാനിച്ചു.

ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഖത്തറില്‍ വേനല്‍കാല ഉച്ചവിശ്രമനിയമം നടപ്പിലാക്കിയത്. ഇതനുസരിച്ച് രാവിലെ 11.30 മുതല്‍ ഉച്ച തിരിഞ്ഞ് മൂന്ന് മണിവരെ തൊഴിലാളികളെ കൊണ്ട് പുറം ജോലികള്‍ ചെയ്യിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചതിന് മുഴുവന്‍ കമ്പനികളുടെയും വര്‍ക്ക് സൈറ്റുകള്‍ നിശ്ചിത ദിവസത്തേക്ക് പൂട്ടിയിടാന്‍ മന്ത്രാലയം ഉത്തരവിട്ടു. തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് മന്ത്രാലയം ഈ തീരുമാനം എടുത്തതെന്നും മുഴുവന്‍ സ്ഥാപനങ്ങളും ഇതുമായി സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

തുറന്ന പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ കണ്ടെത്തിയാല്‍ ഉടന്‍ ജോലി അവസാനിപ്പിച്ച് തൊഴിലാളികളെ എയര്‍കണ്ടീഷന്‍ ചെയ്ത സ്ഥലങ്ങളിലേക്ക് മാറ്റും. കൂടാതെ പൊതു ജനങ്ങളില്‍ ഇത് സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x