
ദോഹ: കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് വ്യവസായമന്ത്രാലയം പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഷോപ്പുകളിലെ ജീവനക്കാര്‍ രോഗികളല്ലായെന്ന് ഉറപ്പുവരുത്തലും ഷോപ്പുകള്‍ അണുവിമുക്തമായി സൂക്ഷിക്കലുമാണ് പ്രധാന നിബന്ധനകള്‍.
പ്രധാനനിര്‍ദേശങ്ങള്‍ ഇവയാണ്:
ഷോപ്പുകളിലെ ജീവനക്കാരുടെ ശരീരോഷ്മാവ് ദിവസവും രണ്ട് തവണ വീതം അളക്കണം
ഷോപ്പുകളുടെ മുന്‍ഭാഗത്തും ഉള്‍ഭാഗത്തും ടോയ്‌ലറ്റിലും സാനിറ്റൈസറുകള്‍ സജ്ജീകരിക്കണം
ട്രോളി ബാസ്‌ക്കറ്റുകള്‍ ഓരോ തവണ ഉപയോഗിച്ച് കഴിയുമ്പോഴും അണുവിമുക്തമാക്കണം
വാതിലുകളുടെയും ഫ്രിഡ്ജിന്റെയും ഹാന്‍ഡിലുകള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കണം
രാജ്യത്തെ മുഴുവന്‍ റീട്ടെയില്‍ സ്ഥാപനങ്ങളും ഈ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് മന്ത്രാലയം പരിശോധിക്കും. ഷോപ്പുകളില്‍ വില്‍ക്കുന്ന സാനിറ്റൈസറുകള്‍ക്കും സ്റ്റെറിലൈസറുകള്‍ക്കും കഴിഞ്ഞ ദിവസം മന്ത്രാലയം പുതിയ വിലനിലവാരപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ കൂടുതല്‍ വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. അതേസമയം ഷോപ്പിങ് മാളുകളില്‍, ഭക്ഷ്യവസ്തുക്കളുടെ കടകളും ഫാര്‍മസികളും ഒഴികെയുള്ള ഷോപ്പുകള്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.