
ദോഹ: ദുഹൈലില്‍ ത്രിതല ഇന്റര്‍ചേഞ്ച് നിര്‍മാണത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട ഗതാഗതനിയന്ത്രണം ഇന്നുമുതല്‍. അല്‍ ഗഫ്ജി സ്ട്രീറ്റിലൂടെ ഗറാഫയിലേക്കും ദോഹയിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് ഇന്റര്‍സെക്ഷനിലേക്ക് പ്രവേശിക്കാനും ദോഹയില്‍ നിന്ന് ഗറഫയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് യു ടേണ്‍ എടുക്കാനുമാവില്ല. ഇതിനു പകരമായി അല്‍ ഷമാല്‍ റോഡിലെ ഇസ്ഗാവ ഇന്റര്‍സെക്ഷന്‍ 5ാം എക്‌സിറ്റ് ഉപയോഗിക്കാം.
ഷമാല്‍ റോഡിലൂടെ കിഴക്കു പടിഞ്ഞാറു ദിശയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് അല്‍ ഖര്‍തിയാത്ത്, അല്‍ ഖീസ, ഉംസലാല്‍ മുഹമ്മദ് ഇന്റര്‍സെക്ഷനുകളും ഉപയോഗിക്കാം. ഇന്റര്‍ചേഞ്ച് നിര്‍മാണം ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതിരിക്കാന്‍ അല്‍ ഷമാല്‍ റോഡിന് സമാന്തരമായി ഇസ്ഗാവക്കും ഗറാഫക്കും ഇടയില്‍ 3.5 കിലോമീറ്റര്‍ സമാന്തര പാതയും തുറന്നിട്ടുണ്ട്.
അല്‍ ഖഫ്ജി മുതല്‍ ഗറാഫ വരെ ഇരുദിശകളിലും നാലുവരി ഗതാഗതം സാധ്യമാക്കാന്‍ 3.3 കിലോമീറ്റര്‍ നീളത്തിലാണ് രണ്ടു മുഖ്യ മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നത്. 80 കോടി റിയാലാണ് ഇന്റര്‍സെക്ഷന്‍ നിര്‍മാണചെലവ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇപ്പോഴുള്ള ഗതാഗതക്കുരുക്ക് പൂര്‍ണമായി ഒഴിവാകുമെന്നാണ് പ്രതീക്ഷ. 2021 അവസാനപാദത്തിലാണ് ദുഹൈല്‍ ത്രിതല ഇന്റര്‍ചേഞ്ച് പൂര്‍ത്തിയാകുക.
അല്‍ ഷമാല്‍ പാലത്തിന് അടിയിലായുള്ള ദുഹൈല്‍ ഇന്റര്‍സെക്ഷന്‍ സിഗ്‌നല്‍നിയന്ത്രിത ഇന്റര്‍ചേഞ്ചാവും. ഷെയ്ഖ് ഫൈസല്‍ റൗണ്ട്എബൗട്ട് പൊളിച്ചുനീക്കും. സര്‍വീസ് റോഡില്‍ നിന്ന് സമീപത്തെ മാളുകളിലേക്കെത്താന്‍ പുതിയ അടിപ്പാതയും 5 കിലോമീറ്റര്‍ നീളത്തില്‍ സൈക്കിള്‍ ട്രാക്കും നടപ്പാതയും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.