Currency

ലോകത്തിലെ ഏറ്റവും മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍ മിഷെരിബ് മ്യൂസിയവും

സ്വന്തം ലേഖകന്‍Saturday, January 6, 2018 8:38 am

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച പുതിയ കെട്ടിടങ്ങളുടെ പട്ടികയില്‍ മിഷെരിബ് ഡൗണ്‍ടൗണ്‍ ദോഹയിലെ മിഷെരിബ് മ്യൂസിയവും. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്സിന്റെ (റിബ) തയാറാക്കിയ മികച്ച പുതിയ കെട്ടിടങ്ങളുടെ പട്ടികയിലാണ് മിഷെരിബ് മ്യൂസിയം സ്ഥാനംപിടിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച വാസ്തുശില്‍പ്പ രൂപരേഖകളുള്ള അപൂര്‍വവും മനോഹരവുമായ ഡിസൈനുകളിലുള്ള കെട്ടിടങ്ങള്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോഴാണ് റിബയുടെ പുരസ്‌കാരം ലഭിക്കുന്നത്.

28 രാജ്യങ്ങളില്‍ നിന്നുള്ള 62 കെട്ടിടങ്ങളാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. റിബ അന്താരാഷ്ട്ര പ്രൈസ് 2018-ലേക്കുള്ള പട്ടികയിലാണ് മിഷെരിബ് മ്യൂസിയത്തെയും നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. പൊതുകെട്ടിടങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, ആരാധനാസ്ഥലം, വീടുകള്‍, മ്യൂസിയം, പാര്‍പ്പിട കെട്ടിടങ്ങള്‍, പ്രകൃതിദുരന്തങ്ങളോട് പ്രതികരിക്കുന്ന തരത്തിലുള്ള ഡിസൈനുകള്‍ എന്നിങ്ങനെ എട്ടുവിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്.

മിഷെരിബ് പ്രോപ്പര്‍ട്ടീസാണ് മിഷെരിബ് മ്യൂസിയം നിര്‍മിച്ചത്. രാജ്യത്തിന്റെ ചരിത്രവും പുരാതന ദോഹയുടെ സ്മരണകളും പ്രതിഫലിപ്പിക്കുന്നതാണ് മ്യൂസിയം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x