
മസ്‌കത്ത്: വിദേശികള്‍ക്കു പകരം കൂടുതല്‍ സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളില്‍നിന്ന് പുറത്തിറങ്ങിയ പുതിയ ബിരുദധാരികളെയും തൊഴിലന്വേഷകരെയും ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണിത്. ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളില്‍ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ജോലിക്ക് യോഗ്യതയും കാര്യക്ഷമതയും താല്‍പര്യവുമുള്ളവര്‍ ആരോഗ്യ മന്ത്രാലയത്തിലെ അപ്പോയ്ന്‍മെന്റ്‌സ് ആന്‍ഡ് മൊബിലിറ്റി വിഭാഗത്തില്‍ വ്യക്തിപരമായി ബന്ധപ്പെടണമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
ജനറല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍, മൈക്രോബയോളജി ലബോറട്ടറി ടെക്‌നീഷ്യന്‍, റേഡിയോളജി ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്, സീനിയര്‍ സ്പീച്ച് ടെക്‌നീഷ്യന്‍, ഫുട്ട് ടെക്‌നീഷ്യന്‍, ഒക്യുപേഷനല്‍ ടെക്‌നീഷ്യന്‍, മെഡിക്കല്‍ ഫിസിസ്റ്റ് ടെക്‌നീഷ്യന്‍, സീനിയര്‍ ഫിസിയോ തെറപ്പിസ്റ്റ്, സീനിയര്‍ കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ടെക്‌നീഷ്യന്‍, സീനിയര്‍ ഫിസിയോതെറപ്പി ടെക്‌നീഷ്യന്‍, ഒക്യുപേഷനല്‍ ഹെല്‍ത്ത് ടെക്‌നീഷ്യന്‍ തസ്തികകളിലാണ് സ്വദേശികള്‍ക്ക് അവസരങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തില്‍ സ്വദേശിവത്കരണത്തെ തുടര്‍ന്ന് നഴ്‌സ്, ഫാര്‍മസിസ്റ്റ്, അസി. ഫാര്‍മസിസ്റ്റ് തുടങ്ങിയ തസ്തികകളിലായി മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.