Currency

ഖത്തറില്‍ ഗതാഗതവാര്‍ത്താവിനിമയ മന്ത്രാലയത്തിന് പുതിയ ആപ്പ്

സ്വന്തം ലേഖകന്‍Monday, January 21, 2019 1:06 pm

ദോഹ: വകുപ്പ് നല്‍കുന്ന വിവിധ ഇ സേവനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അറിയുന്നതിനും ഇ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ജനങ്ങള്‍ക്ക് എത്തിക്കാനുമായി ഗതാഗതവാര്‍ത്താവിനിമയ മന്ത്രാലയം പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. സമുദ്രയാത്ര സംബന്ധിച്ച 25 പുതിയ സേവനങ്ങള്‍ കൂടി മന്ത്രാലയത്തിന്റെ ഇ സേവനങ്ങളില്‍ ഇള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആപ്പ് പ്രകാശനവേളയില്‍ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. ആപ്പിള്‍, ആന്‍ഡ്രോയ്ഡ് സ്‌റ്റോറുകളില്‍ പുതിയ ആപ്പ് ലഭ്യമാണ്.

മന്ത്രാലയത്തിന്റെ പുതിയ വാര്‍ത്തകളും അറിയിപ്പുകളുമടക്കം ഇതില്‍ ലഭ്യമാണ്. സര്‍ക്കാര്‍ ഓഫിസില്‍ എത്താതെ തന്നെ 24 മണിക്കൂറും ആപ്പ് ഉപയോഗിച്ച് കാര്യങ്ങള്‍ നടത്താനാകും. സൈബര്‍ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തിയിട്ടാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. ഖത്തര്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം (ക്യുസി.ഇ.ആര്‍.ടി) ഇതുസംബന്ധിച്ച പരിശോധനകള്‍ നടത്തിയിട്ടുമുണ്ട്.

ചെറുതും വലുതുമായ ബോട്ടുകളുടെ ഉടമസ്ഥാവകാശം മാറ്റല്‍, സര്‍ട്ടിഫിക്കറ്റ് ലഭിക്കല്‍, സുരക്ഷാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ പുതിയ ആപ്പ് വഴി ലഭ്യമാകും. ചെറുതും വലുതുമായ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഉപകാരപ്പെടുന്ന സേവനങ്ങളടക്കം ഇതില്‍ ഉണ്ട്. സര്‍ക്കാറിന്റെ സേവനങ്ങള്‍ എല്ലാം ഡിജിറ്റല്‍ വത്കരിക്കുകയെന്ന ‘ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ് 2020’ പദ്ധതിയുടെ ഭാഗമായാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് മന്ത്രാലയത്തിലെ അന്താരാഷ്ട്ര കാര്യ ഡയറക്ടറും പബ്ലിക്‌റിലേഷന്‍സ് വാര്‍ത്താവിനിമയ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനുമായ നൂര്‍ ഷഹ്ദാദ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x