പുതിയ റൂട്ടുകളില്‍ റൂവിയില്‍നിന്നും ബുര്‍ജ് അല്‍ സഹ്‌വയില്‍നിന്നും മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സര്‍വിസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോയല്‍, ഖൗല ആശുപത്രികളെ ബന്ധിപ്പിച്ചുള്ള സര്‍വിസുകളും തുടങ്ങും.
മസ്‌കത്ത്: മസ്‌കത്ത് നഗരത്തിലെ സര്‍വിസുകള്‍ വിപുലപ്പെടുത്തുന്നതിനായി ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് പത്തു റൂട്ടുകളില്‍കൂടി സര്‍വിസ് ആരംഭിക്കുന്നു. പുതിയ ബസുകള്‍ എത്തുന്ന മുറക്ക് സര്‍വിസ് ആരംഭിക്കുമെന്ന് മുവാസലാത്ത് സി.ഇ.ഒ അഹമ്മദ് ബിന്‍ അലി അല്‍ ബലൂഷി പറഞ്ഞു. 98 പുതിയ ബസുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ കഴിഞ്ഞദിവസം അറബ് എന്‍ജിനീയറിങ് സര്‍വിസസ് കമ്പനിയുമായി മുവാസലാത്ത് ധാരണപത്രം ഒപ്പിട്ടിരുന്നു.
ഈ വര്‍ഷം ഡിസംബര്‍ മുതല്‍ അടുത്ത വര്‍ഷം ആഗസ്റ്റ് വരെ കാലയളവിലാണ് പുതിയ ബസുകള്‍ മുവാസലാത്തിന് ലഭിക്കുക. പുതിയ റൂട്ടുകളില്‍ റൂവിയില്‍നിന്നും ബുര്‍ജ് അല്‍ സഹ്‌വയില്‍നിന്നും മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സര്‍വിസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോയല്‍, ഖൗല ആശുപത്രികളെ ബന്ധിപ്പിച്ചുള്ള സര്‍വിസുകളും തുടങ്ങും.
ഇതോടെ മസ്‌കത്ത് നഗരത്തിലെ റൂട്ടുകളുടെ എണ്ണം 17 ആയി ഉയരും. വാണിജ്യ കേന്ദ്രങ്ങളെയും സര്‍വിസുകളുടെ വിപുലീകരണത്തില്‍ ബന്ധപ്പെടുത്തുമെന്നും ഇതിനൊപ്പം സലാലയിലും സൊഹാറിലും അടുത്ത വര്‍ഷം മുതല്‍ സിറ്റി ബസ് സര്‍വിസുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് അഹമ്മദ് അല്‍ ബലൂഷി പറഞ്ഞു.
എയര്‍പോര്‍ട്ട് സര്‍വിസ് അടക്കം ഉള്‍ക്കൊള്ളുന്ന മുവാസലാത്ത് ടാക്‌സി രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു. പുതുതായി വാങ്ങുന്ന ബസുകളില്‍ 65 എണ്ണം സിറ്റി സര്‍വിസുകള്‍ക്കും 33 എണ്ണം ഇന്റര്‍സിറ്റി സര്‍വിസുകള്‍ക്കുമാണ് ഉപയോഗിക്കുക. അടുത്ത വര്‍ഷം പകുതിയോടെ ബസുകള്‍ക്ക് ഇലക്‌ട്രോണിക് റിസര്‍വേഷന്‍ സംവിധാനം ആരംഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.