Currency

മസ്‌കത്ത് വിമാനത്താവളം വഴിയുള്ള യാത്ര: യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

സ്വന്തം ലേഖകന്‍Monday, June 29, 2020 11:37 am

മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മുതല്‍ നാലുമണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് ഒമാന്‍ വിമാനത്താവള കമ്പനി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. യാത്ര പുറപ്പെടുന്നവര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ നടത്തുന്നതിനും ഇ-ടിക്കറ്റ് ഉപയോഗിക്കുന്നതിനും മുന്‍ഗണന നല്‍കണം. മഹാമാരിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദേശങ്ങളെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു ഹാന്‍ഡ്ബാഗ് മാത്രമെ അനുവദിക്കുകയുള്ളൂ. ശരീര താപനില 38 ഡിഗ്രിയില്‍ അധികമുള്ളവരെ ആരോഗ്യ കേന്ദ്രത്തിലേക്ക് അയക്കും. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ വിമാനത്താവളത്തില്‍ വരരുത്. വിമാനത്താവളത്തിലെത്തുന്നവരില്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ യാത്ര അനുവദിക്കില്ല.

വിമാനത്താവള ടെര്‍മിനലിനുള്ളിലുള്ള മുഴുവന്‍ സമയങ്ങളിലും യാത്രക്കാര്‍ മാസ്‌ക് ധരിക്കണം. യാത്രക്കാരെ മാത്രമാണ് ടെര്‍മിനലിന് ഉള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. പി.പി.ഇ കിറ്റുകള്‍ വിമാനത്തില്‍ വാങ്ങാന്‍ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x