Currency

മസ്‌കത്ത് കണ്ണൂര്‍ ഗോ എയര്‍ വിമാനത്തിന്റെ സമയം മാറ്റുന്നു

സ്വന്തം ലേഖകന്‍Saturday, November 2, 2019 12:53 pm

മത്ര: ബജറ്റ് വിമാന കമ്പനിയായ ഗോ എയര്‍ മസ്‌കത്ത്- കണ്ണൂര്‍ സര്‍വിസിന്റെ സമയം മാറ്റുന്നു. രാത്രി സമയത്തായിരുന്ന സര്‍വിസ് പകല്‍ സമയത്തേക്കാണ് മാറ്റിയത്. നവംബര്‍ 14 മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ കണ്ണൂരില്‍നിന്ന് ഇന്ത്യന്‍ സമയം രാത്രി 8.55നാണ് വിമാനം പുറപ്പെടുന്നത്. ഇത് 11.15ന് ഒമാനിലെത്തും. തിരിച്ച് 12.15ന് പുറപ്പെട്ട് പുലര്‍ച്ചെ 5.15ന് കണ്ണൂരില്‍ എത്തും. നവംബര്‍ 14 മുതല്‍ കണ്ണൂരില്‍ നിന്ന് രാവിലെ എട്ടരക്കാണ് പുറപ്പെടുക. ഇത് 10.50ന് മസ്‌കത്തിലെത്തും. തിരിച്ച് 11.50ന് പുറപ്പെട്ട് വൈകീട്ട് 4.45ന് കണ്ണൂരില്‍ എത്തും.

ജോലി കഴിഞ്ഞ് ഒരു ദിവസം നഷ്ടപ്പെടാതെ നാടുപിടിക്കാമെന്നതായിരുന്നു ഇപ്പോഴത്തെ സമയക്രമത്തിലെ ഏറ്റവും വലിയ സൗകര്യം. പുതിയ സമയക്രമപ്രകാരം മസ്‌കത്തില്‍നിന്നുള്ള യാത്രക്കാര്‍ രാവിലെ ഒമ്പതുമണിയോടെ വിമാനത്താവളത്തില്‍ എത്തേണ്ടിവരും. ബുറൈമിയടക്കം ദൂരപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പുലര്‍ച്ചെതന്നെ യാത്ര തിരിക്കേണ്ടിവരും.

നേരത്തേ ബുക്ക് ചെയ്ത യാത്രക്കാരെ ഇ-മെയില്‍ വഴി സമയമാറ്റം അറിയിച്ചുവരുകയാണെന്ന് ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗോ എയറും മാത്രമാണ് മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്ക് സര്‍വിസ് നടത്തുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍നിന്ന് വൈകീട്ട് 6.45നും തിരിച്ച് രാത്രി പത്തിനുമാണ് പുറപ്പെടുന്നത്. ആഴ്ചയില്‍ മൂന്നുദിവസം മാത്രമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് ഉള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x