Currency

തൊഴില്‍ നിയമലംഘനം, പരിശോധന അധികൃതര്‍ ശക്തമാക്കുന്നു

സ്വന്തം ലേഖകന്‍Tuesday, January 10, 2017 11:28 am

മസ്‌കത്ത്: ഒമാന്‍ തൊഴില്‍ നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധന അധികൃതര്‍ ശക്തമാക്കി. റൂവി അടക്കമുള്ള നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ നിരവധി പേരാണ് പിടിയിലായത്. അവധി ദിവസങ്ങളിലും അസമയങ്ങളില്‍ പോലും പരിശോധന നടത്തുന്നു. കടകളിലും ഹോട്ടലുകളിലും മറ്റും രാത്രിയിലും പരിശോധനയുണ്ട്. കഴിഞ്ഞദിവസം റൂവിയിലെ ഒരു മലയാളി ഹോട്ടലില്‍ രാത്രി പത്തരക്ക് ശേഷം പരിശോധന നടത്തിയിരുന്നു. ഹോട്ടലിലെ ജീവനക്കാരുടെയും ഭക്ഷണം കഴിക്കാന്‍ വന്നവരുടെപോലും ലേബര്‍ കാര്‍ഡുകള്‍ പരിശോധിച്ചിരുന്നു. പ്രത്യേക സുരക്ഷാ സേനയുടെ സഹായത്തോടെയാണ് പരിശോധന. ലേബര്‍ കാര്‍ഡും വിസയുമടക്കമുള്ള താമസ രേഖകള്‍ ഇല്ലാത്തവരും ലേബര്‍ കാര്‍ഡും വിസയുമുണ്ടായിട്ടും സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവരെയുമാണ് പിടികൂടുന്നത്.

സ്‌പോണ്‍സര്‍ മാറി ജോലിചെയ്ത് പിടിക്കപ്പെട്ടാല്‍ 2000 റിയാലാണ് പിഴ. ഇതില്‍ ആയിരം റിയാല്‍ വിസ നല്‍കിയ സ്‌പോണ്‍സറും ആയിരം റിയാല്‍ ജോലിനല്‍കിയ സ്ഥാപനമോ കമ്പനിയോ നല്‍കണം. വെള്ളിയാഴ്ചകളില്‍ പ്രധാന പാര്‍ക്കിങ് ഏരിയകളിലും മറ്റും പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും മറ്റും പാര്‍ക്കിങ് ഏരിയകളില്‍ വാഹനങ്ങള്‍ കഴുകുന്നവരെയും മറ്റും പിടികൂടാനാണിത്. ചെറിയ വാഹനങ്ങളിലും സ്വദേശി വേഷമല്ലാത്തത് ധരിച്ചും മാനവ വിഭവശേഷി മന്ത്രാലയം അധികൃതര്‍ പരിശോധനക്ക് എത്തുന്നുണ്ട്. സ്ഥാപനങ്ങളില്‍ ഉപഭോക്താവെന്ന ഭാവേനയാണ് എത്തുന്നത്.

ഫ്രീ വിസയില്‍ ജോലിചെയ്യുന്ന നിരവധി പേര്‍ ഇപ്പോഴും ഒമാനിലുണ്ട്. ഇതില്‍ അധികവും ബംഗ്ലാദേശികളും പാകിസ്താനികളുമാണ്. മുന്‍കാലങ്ങളില്‍ നിരവധി മലയാളികള്‍ ഫ്രീ വിസയില്‍ ജോലി ചെയ്തിരുന്നെങ്കിലും അവരില്‍ മിക്കവരും തിരിച്ച് നാട്ടിലെത്തിയിട്ടുണ്ട്. നിര്‍മാണ മേഖലയിലടക്കം ചെറിയ ജോലിക്കെത്തുന്ന മലയാളികളുടെ എണ്ണം തീരെ കുറഞ്ഞിട്ടുണ്ട്. മലയാളികളടക്കമുള്ളവരുടെ വരവ് കുറഞ്ഞതോടെ ഒമാനില്‍ വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ പിന്നിലാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ബംഗ്ലാദേശികളാണ് പ്രവാസി ജനസംഖ്യയില്‍ മുന്നില്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x