Currency

താമസകേന്ദ്രങ്ങളില്‍ വെയര്‍ഹൗസുകളും വാണിജ്യവര്‍ക്ക്‌ഷോപ്പുകളും പാടില്ല

സ്വന്തം ലേഖകന്‍Sunday, May 6, 2018 11:27 am

മസ്‌കത്ത്: താമസകേന്ദ്രങ്ങളില്‍ വെയര്‍ഹൗസുകളും വാണിജ്യ വര്‍ക്ക്‌ഷോപ്പുകളും പാടില്ലെന്ന് മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് നല്‍കി. താമസ കേന്ദ്രങ്ങളില്‍ യാതൊരു തരത്തിലുള്ള വ്യാവസായിക പ്രവര്‍ത്തനങ്ങളും അനുവദിക്കാന്‍ കഴിയില്ല. ഇത്തരം പ്രവണതകള്‍ തടയുന്നതിന് ഭവന വകുപ്പുമായി ചേര്‍ന്ന് പരിശോധന നടന്നു വരികയാണ്. ആധാരത്തില്‍ ഏത് തരം പ്രവര്‍ത്തനത്തിനാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് പരിശോധിക്കുന്നതെന്നും നിയമ ലംഘനം കണ്ടെത്തിയാല്‍ വേണ്ട നടപടിയെടുക്കുമെന്ന് മസ്‌കത്ത് നഗരസഭ അര്‍ബന്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ റഹ്ബി പറഞ്ഞു.

വെയര്‍ഹൗസുകളുടെയും മറ്റും പ്രവര്‍ത്തനം സൈ്വര്യ ജീവിതത്തെ ബാധിക്കുന്നതായി ജനങ്ങളുടെ പരാതികളുണ്ടെന്നും അല്‍ റഹ്ബി പറഞ്ഞു. താമസ കേന്ദ്രങ്ങള്‍ക്ക് അടുത്ത് വര്‍ക്ക്‌ഷോപ്പുകളോ കമ്പനികളോ ക്രഷറുകളോ സ്ഥാപിക്കുന്നതും കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനം ആരംഭിക്കുന്നതും നഗര ഭരണത്തിലെ 115ാം ആര്‍ട്ടിക്കിള്‍ പ്രകാരം അനുവദനീയമല്ല.

അനുമതി ലഭിച്ച പെര്‍മിറ്റില്‍ യാതൊരു മാറ്റങ്ങള്‍ വരുത്താനും നഗരസഭ കെട്ടിട നിര്‍മാണ നിയമം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലകളേക്കാള്‍ വാടക കുറവാണ് എന്നതാണ് ആളുകളെ ഇത്തരം അനധികൃത വെയര്‍ഹൗസുകള്‍ ജനവാസമേഖലകളില്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അല്‍ റഹ്ബി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x