
മസ്‌കത്ത്: രാജ്യത്ത് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 45 ലക്ഷത്തിലധികം പേരാണ് മുവാസലാത്ത് ബസുകളില്‍ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 77 ശതമാനത്തിന്റെ വര്‍ധനയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്.
മസ്‌കത്ത്, സലാല, സുഹാര്‍ എന്നിവിടങ്ങളിലെ സിറ്റി സര്‍വിസുകള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് ഈ ഉയര്‍ച്ചക്ക് കാരണമെന്ന് ദേശീയ പൊതുഗതാഗത കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇന്റര്‍സിറ്റി സര്‍വിസുകളിലെ യാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. 2018 ആദ്യ പകുതിയില്‍ ദിവസവും ശരാശരി 14000 പേര്‍ എന്ന നിരക്കില്‍ 25 ലക്ഷത്തിലധികം പേരാണ് മുവാസലാത്ത് ബസുകളില്‍ യാത്ര ചെയ്തത്. ഈ വര്‍ഷം ശരാശരി യാത്രക്കാരുടെ എണ്ണം 25000ത്തിലധികമായാണ് ഉയര്‍ന്നത്.
മസ്‌കത്ത്, സലാല, സുഹാര്‍ എന്നിവിടങ്ങളിലെ സിറ്റി സര്‍വിസുകളില്‍ 42.79 ലക്ഷം പേര്‍ യാത്ര ചെയ്തപ്പോള്‍ ഇന്റര്‍സിറ്റി സര്‍വിസുകള്‍ ഉപയോഗപ്പെടുത്തിയത് 2.64 ലക്ഷം പേരാണ്. കഴിഞ്ഞ വര്‍ഷം അവസാനമാണ് മുവാസലാത്ത് സലാല, സുഹാര്‍ നഗരങ്ങളില്‍ സിറ്റി സര്‍വിസുകള്‍ ആരംഭിച്ചത്.
ഇന്ധനവിലയിലെ വര്‍ധനയാണ് യാത്രക്കാരുടെ എണ്ണം കൂടുന്നതിന് പ്രധാന കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇന്ധനവില പുതിയ ഉയരങ്ങളിലേക്ക് എത്തിയതോടെ സ്വന്തം വാഹനത്തില്‍ ഓഫിസുകളില്‍ പോയിരുന്ന പലരും യാത്ര ബസുകളിലേക്ക് മാറ്റിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.