Currency

ദേശീയ മേല്‍വിലാസ നിയമം: ഖത്തറില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Tuesday, January 28, 2020 10:46 am

ദോഹ: ഖത്തറില്‍ പുതിയ ദേശീയ മേല്‍വിലാസ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആറ് മാസത്തിനുള്ളില്‍ മുഴുവന്‍ വിദേശികളും സ്വദേശികളും മേല്‍വിലാസ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ വഴിയും നേരിട്ടും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാം.

രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും താമസവിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍ നിയമം നടപ്പാക്കുന്നത്. മുഴുവന്‍ സ്വദേശികളും വിദേശികളും തങ്ങളുടെ മേല്‍വിലാസ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായുള്ള രജിസ്‌ട്രേഷന് തുടക്കമായി. ആറ് മാസത്തിനകം മുഴുവന്‍ ജനങ്ങളും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. വരുന്ന ജൂലൈ 26 ആണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന സംവിധാനമായ മെട്രാഷ് ടു ആപ്പ് വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനകേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

മെട്രാഷ് ടുവില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ അവരുടെ രക്ഷിതാക്കളാണ് നല്‍കേണ്ടത്. അതേ സമയം ഭാര്യയും ഭര്‍ത്താവും വെവ്വേറെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. താമസവിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ വ്യക്തമായി നല്‍കണം.

ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്യുന്ന മേല്‍വിലാസം പിന്നീട് പുതുക്കാനും മാറ്റം വരുത്താനുമുള്ള സൗകര്യവും ഓണ്‍ലൈനിലുണ്ട്. താമസം മാറുന്നവര്‍ മേല്‍വിലാസ വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ പതിനായിരം റിയാല്‍ പിഴയും ഒടുക്കേണ്ടി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x