
ദോഹ: പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സീന്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദേശീയ കോവിഡ് വാക്സിനേഷന്‍ ക്യാംപെയ്ന്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക്. ഹെല്‍ത്ത് സെന്ററുകളില്‍ മാത്രമായിരുന്ന വാക്സിനേഷന്‍ ക്യാംപെയ്ന്‍ നിലവില്‍ ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ (ക്യുഎന്‍സിസി), ലുസെയ്ല്‍ ഡ്രൈവ്-ത്രൂ എന്നീ മൂന്ന് കേന്ദ്രങ്ങളിലേക്ക് കൂടി വിപുലീകരിച്ചിട്ടുണ്ട്.
ഡിസംബര്‍ 23ന് ആരംഭിച്ച നാലു ഘട്ടങ്ങളിലായുളള ക്യാംപെയ്ന്‍ ഒക്ടോബര്‍ 31 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിശ്ചിത മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് വാക്സിനേഷന് അനുമതി. ആഴ്ചയില്‍ 50,000 പേര്‍ക്ക് വാക്സീന്‍ നല്‍കികൊണ്ട് രാജ്യത്തെ 95 ശതമാനം ജനങ്ങള്‍ക്കും വാക്സീന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഹെല്‍ത്ത് സെന്ററുകള്‍:
പ്രാഥമികാരോഗ്യ കോര്‍പറേഷന്റ (പിഎച്ച്സിസി) രാജ്യത്തുടനീളമായുള്ള ഹെല്‍ത്ത് സെന്ററുകളിലായാണ് വാക്സിനേഷന്‍ പുരോഗമിക്കുന്നത്. മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വാക്സിനേഷനുളള തീയതിയും സമയവും വ്യക്തമാക്കിയുള്ള എസ്എംഎസ് സന്ദേശം അയയ്ക്കും. അധികൃതരുടെ എസ്എംഎസ് സന്ദേശം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് വാക്സീന്‍ നല്‍കുന്നത്. രണ്ടു ഷിഫ്റ്റുകളിലായി രാവിലെ 7.00 മുതല്‍ രാത്രി 11.00 വരെയാണ് ഹെല്‍ത്ത്സെന്ററുകളുടെ പ്രവര്‍ത്തനം.
ക്യുഎന്‍സിസി:
രാജ്യത്തെ ഏറ്റവും വലിയ താല്‍ക്കാലിക വാക്സിനേഷന്‍ കേന്ദ്രമാണ് കഴിഞ്ഞാഴ്ചയില്‍ ക്യുഎന്‍സിസിയില്‍ തുറന്നത്. അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇവിടെ മുന്‍ഗണന. കമ്യൂണിറ്റി അംഗങ്ങള്‍ക്കും വാക്സീന്‍ നല്‍കുന്നുണ്ട്. അധികൃതരുടെ എസ്എംഎസ് സന്ദേശം ലഭിക്കുന്നവര്‍ക്ക് മാത്രമേ ഇവിടെയും വാക്സീന്‍ നല്‍കുകയുള്ളുവെന്നാണ് അധികൃതരുടെ പ്രഖ്യാപനം. ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 7.00 മുതല്‍ രാത്രി 10.00 വരെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
ലുസെയ്ല്‍ ഡ്രൈവ്-ത്രൂ:
ലുസെയ്ല്‍ മള്‍ട്ടിപര്‍പ്പസ് ഹാളിന്റെ പിറകിലായാണ് വാക്സിനേഷന്‍ ഡ്രൈവ്-ത്രൂ കേന്ദ്രം. രണ്ടാമത്തെ ഡോസ് വാക്സീന്‍ എടുക്കാനുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് ഡ്രൈവ്-ത്രൂ തുറന്നത്. കാറിലിരുന്ന് തന്നെ വാക്സീന്‍ സ്വീകരിക്കാം. ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാമത്തെ ഡോസ് എടുക്കാനുള്ള തീയതിയും സമയവും അധികൃതര്‍ നല്‍കുന്നുണ്ട്. അതനുസരിച്ച് അനുവദിച്ച തീയതികളില്‍ ഡ്രൈവ്-ത്രൂ സെന്ററില്‍ പോയി രണ്ടാമത്തെ ഡോസ് വാക്സീന്‍ എടുക്കാം. ഇതിനായി വീണ്ടും മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 11.00 മുതല്‍ രാത്രി 10.00 വരെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. 9.00 വരെ മാത്രമേ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.