Currency

ഒമാനില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കാലാവധി ഇനി രണ്ടുവര്‍ഷത്തേക്ക് മാത്രം

സ്വന്തം ലേഖകന്‍Tuesday, January 30, 2018 1:42 pm

മസ്‌കറ്റ്: ഒമാന്‍ ഗതാഗത നിയമം പരിഷ്‌കരിക്കുന്നു. വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി രണ്ടുവര്‍ഷമായി ചുരുക്കുന്നതാണ് ഇതില്‍ പ്രധാനപ്പെട്ട തീരുമാനം. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ലൈസന്‍സ് പുതുക്കേണ്ടി വരും. കാറില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കല്‍, നിയമ ലംഘനങ്ങള്‍ക്ക് ബ്ലാക്ക് പോയിന്റ്‌സ്, സ്ത്രീകള്‍ക്ക് ടാക്‌സി ഓടിക്കാന്‍ അനുമതി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പുതിയ നിയമം മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റോയല്‍ ഒമാന്‍ പൊലിസ് ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ റവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ച് ഒന്നിനുശേഷം അനുവദിക്കുന്ന ലൈസന്‍സുകള്‍ക്കാകും രണ്ടു വര്‍ഷത്തെ കാലാവധി നിയമം ബാധകം. നിലവില്‍ നല്‍കുന്ന ലൈസന്‍സിന് പത്ത് വര്‍ഷമാണ് കാലാവധി. ഇത് സമയപരിധി കഴിയുമ്പോള്‍ പുതുക്കിയാല്‍ മതിയാകും. പുതിയ സ്വദേശി ഡ്രൈവര്‍മാര്‍ക്ക് 12 മാസ കാലാവധിയുള്ള താല്‍ക്കാലിക ലൈസന്‍സാകും ലഭിക്കും.

ഗതാഗത നിയമലംഘനങ്ങള്‍ക്ക് മാര്‍ച്ച് മുതല്‍ ബ്ലാക്ക് പോയിന്റ്‌സും ഏര്‍പ്പെടുത്തും. നിയമ ലംഘനത്തിന് പത്ത് പോയിന്റില്‍ അധികം ലഭിക്കുന്ന താല്‍ക്കാലിക ലൈസന്‍സിന്റെ ഉടമകളെ ഡ്രൈവിങ് പരിശീലനത്തിന് അയക്കും. ട്രക്കുകളുടെ മറികടക്കല്‍, വികലാംഗരുടെ പാര്‍ക്കിങില്‍ പാര്‍ക്ക് ചെയ്യല്‍ തുടങ്ങിയ നിയമ ലംഘനങ്ങളുടെ പിഴയില്‍ വര്‍ധനവ് വരുത്തിയിട്ടുമുണ്ട്. അപകടങ്ങള്‍ കുറച്ച് ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതികള്‍ നടപ്പാക്കുന്നതെന്ന് ബ്രിഗേഡിയര്‍ അല്‍റവാസ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x