
മസ്കത്ത്: വൈദ്യുതിജല പൊതു അതോറിറ്റിക്ക് ഇനി പുതിയ മുഖം. ആധുനികവത്കരണ നടപടികളുടെ ഭാഗമായി അതോറിറ്റിയുടെ പേരുമാറ്റി. ‘ദിയാം’ എന്ന പുതിയ പേരിലാകും ഇനി അതോറിറ്റി അറിയപ്പെടുക. പച്ചയും നീലയും നിറങ്ങളിലുള്ളതാണ് അതോറിറ്റിയുടെ പുതിയ ലോഗോ. റീ ബ്രാന്‍ഡിങ് നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
ശാന്തമായി പെയ്യുന്ന മഴ എന്നര്‍ഥം വരുന്ന ദിമ എന്ന അറബി വാചകത്തിന്റെ ബഹുവചനമാണ് ദിയാം. പുതിയ ലോഗോയുടെ നിറങ്ങളില്‍ നീല ജലത്തിനെയും പച്ചനിറം മനുഷ്യജീവിതത്തിന്റെ നിലനില്പിനെയും പ്രകൃതിയെയും അടയാളപ്പെടുത്തുന്നു. നിലവാരമുള്ള കുടിവെള്ളത്തിന്റെ മുടങ്ങാത്ത ലഭ്യത ഉറപ്പുവരുത്തുന്ന അതോറിറ്റിയുടെ പരിശ്രമങ്ങളെയും യത്നങ്ങളെയും ഉയര്‍ത്തിക്കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റീബ്രാന്‍ഡിങ്.
2007 ല്‍ സ്ഥാപിതമായ അതോറിറ്റി ഇപ്പോള്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയുള്ള കര്‍മപദ്ധതികള്‍ നടപ്പാക്കിവരുകയാണ്. ഒമാനിലെ 98 ശതമാനം ജനങ്ങള്‍ക്കും 2040 കാലയളവിനുള്ളില്‍ കുടിവെള്ളം ഉറപ്പാക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. ഉപഭോക്തൃ കേന്ദ്രീകൃതമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ അതോറിറ്റി എപ്പോഴും ശ്രമിച്ചുവരുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.